യുപി, ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി

0
89

ന്യൂഡല്‍ഹി: ബിഹാറിലും ഉത്തര്‍പ്രദേശിലും നടന്ന ലോകസഭ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. യുപി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പുരിലും ബിജപിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. രണ്ടിടങ്ങളിലും സമാജ് വാദി പാര്‍ട്ടിയുടെ (എസ്.പി) സ്ഥാനാര്‍ത്ഥികള്‍ മികച്ച ലീഡ് നേടി മുന്നേറുകയാണ്. കഴിഞ്ഞ തവണ മൂന്നുലക്ഷത്തിലധികം വോട്ടുകള്‍ക്ക് ബിജെപി വിജയിച്ച മണ്ഡലങ്ങളാണിവ.

ഗോരഖ്പുരില്‍ ബിഎസ്പി പിന്തുണയോടെ മത്സരിക്കുന്ന എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദിന്റെ ലീഡ് 28,000 കവിഞ്ഞു. ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ല ഇവിടെ രണ്ടാമതാണ്. ഫുല്‍പുരില്‍ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേല്‍ 36,000 വോട്ടുകള്‍ക്ക് മുന്നിലാണ്. ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലാണ് രണ്ടാമത്.

ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചുനില്‍ക്കുന്നു എന്ന പ്രത്യേകതയും യുപി ഉപതെരഞ്ഞെടുപ്പിനുണ്ട്. യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും കഴിഞ്ഞവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാജിവച്ചതിനെ തുടര്‍ന്നാണ് രണ്ടിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ബിഹാറില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരാരിയയിലും ഒരു നിയമസഭാ മണ്ഡലത്തിലും ബിജെപി സഖ്യത്തെ പിന്നിലാക്കി ആര്‍ജെഡി മുന്നേറുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വര്‍ഗിയ പ്രഭാഷണം വിവാദമായ അരോരിയയില്‍ വന്‍ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടിരിക്കുന്നത്. ഇവിടെ ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.

അരാരിയയില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലം 23,000ത്തിലധികം വോട്ടുകള്‍ക്കു മുന്നിലാണ്. ആര്‍ജെഡിയുടെ സിറ്റിങ് സീറ്റാണിത്. ആര്‍ജെഡി എംപിയുടെ മരണത്തെത്തുടര്‍ന്നാണ് അരാരിയയില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.