രാജീവ് ഗാന്ധി വധക്കേസ്; വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

0
58

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എ.ജി പേരറിവാളന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്ക് ഗൂഡാലോചനയില്‍ പങ്കില്ലെന്നും 1999ലെ വിധി പുനപരിശോധിക്കണമെന്നായിരുന്നു പേരറിവാളന്റെ ആവശ്യം. എന്നാല്‍, വിധിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

രാജീവ് ഗാന്ധി വധക്കേസില്‍ 16-ാം പ്രതിയായ പേരറിവാളന്റെ കുറ്റസമ്മത മൊഴി തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘത്തില്‍പ്പെട്ട മുന്‍ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, 1999ലെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള പേരറിവാളന്റെ ഹര്‍ജി പരിഗണിക്കുകയാണെങ്കില്‍ മുഴുവന്‍ കേസും അത്തരത്തില്‍ പരിശോധിക്കേണ്ടി വരുമെന്ന സിബിഐ വാദം കേട്ട കോടതി പേരറിവാളന്റെ ഹര്‍ജി തള്ളുകയായിരുന്നു.

കേസില്‍ പേരറിവാളന്റെ ഹര്‍ജി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സിബിഐ കോടതിയെ സമീപിച്ചിരുന്നു. രാജീവ് ഗാന്ധി വധത്തില്‍ പേരറിവാളന് വ്യക്തമായ പങ്കുണ്ടെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പേരറിവാളന്‍ വാങ്ങിനല്‍കിയ ഒമ്പത് വോള്‍ട്ട് ബാറ്ററികള്‍ എന്തിന് ഉപയോഗിക്കാനാണെന്ന് അറിയില്ലായിരുന്നുവെന്ന് പേരറിവാളന്‍ പറഞ്ഞത് കുറ്റസമ്മതമൊഴിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ത്യാഗരാജന്‍ നേരത്തെ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.