വീപ്പ കൊലപാതകം: ശകുന്തളയുടെ മരണത്തിന് പിന്നില്‍ മകളുടെ അടുപ്പക്കാരനെന്ന് പൊലീസ്‌

0
63

കൊച്ചി: പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ച കൊച്ചിയിലെ വീപ്പ കൊലപാതക കേസിന്റെ ചുരുളഴിഞ്ഞു. എരൂര്‍ സ്വദേശി സജിത്താണ് ശകുന്തളയുടെ മൃതദേഹം കോണ്‍ക്രീറ്റ് ചെയ്ത അവസ്ഥയില്‍ വീപ്പയ്ക്കുള്ളിലാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഉദയംപേരൂരില്‍ നിന്ന് കാണാതായ ശകുന്തളയുടെ മൃതദേഹമാണ് വീപ്പയ്ക്കുള്ളിലുണ്ടായിരുന്നതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സജിത്തിനേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പത്തുമാസം പഴക്കമുള്ള അസ്ഥികൂടമാണ് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. വീപ്പ കോണ്‍ക്രീറ്റ് ഇട്ട് അടച്ച് കായലില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്‌ക്കെത്തിച്ചത്. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്പ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. പിന്നീട്, രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്‌ക്കെത്തിച്ചത്. ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാവുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധന നടത്തിയത്.

സജിത്തും ശകുന്തളയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കിയിരുന്നു. ശകുന്തള ഈ അടുപ്പത്തെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളുടെ മരണത്തിന് പിന്നിലും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നുള്ള കാര്യങ്ങളെപ്പറ്റിയും അന്വേഷിച്ച് വരികയാണ്.

വീപ്പ കായലില്‍ ഉപേക്ഷിക്കാന്‍ സജിത്തിനെ സഹായിച്ചവരെയും പൊലീസ് തിരിച്ചറിഞ്ഞു. വീപ്പയ്ക്കുള്ളില്‍ മൃതദേഹമാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് സഹായിച്ചവര്‍ പൊലീസിനോട് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകാരെക്കുറിച്ചും മറ്റും എക്‌സൈസിനും പൊലീസിനും വിവരം നല്‍കിയിരുന്ന ഇന്‍ഫോര്‍മറായിരുന്നു മരിച്ച സജിത്ത്.