വേനല്‍ കനത്തത്തോടെ മാളങ്ങളില്‍ നിന്ന് പാമ്പുകള്‍ കൂട്ടത്തോടെ പുറത്തേക്ക്‌

0
175

കണ്ണൂര്‍: വേനല്‍ ചൂടിന്റെ ശക്തി ഇരട്ടിയായതോടെ ചൂടില്‍ നിന്നും രക്ഷ തേടി പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് കൂട്ടത്തോടെ പുറത്തേക്ക്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മട്ടന്നൂര്‍, ഇരിട്ടി, ആറളം മേഖലയില്‍ നിന്ന് നിരവധി അപകടകാരികളായ പാമ്പുകളെയാണ് പിടികൂടിയത്. ഈ പ്രദേശത്തെ ജനങ്ങള്‍ ഭീതിയോടെയാണ് ഓരോ ദിവസവും കഴിയുന്നത്. ആറളം പ്രദേശത്ത് നിന്ന് ഉഗ്രവിഷമുള്ള രാജവെമ്പാലയെ നിരവധി തവണ ഫോറസ്റ്റ് അധികൃതര്‍ പിടികുടിയിരുന്നു. പാമ്പുകളുടെ ആവാസ ക്രേന്ദ്രമായ മുഖന്‍പറമ്പില്‍ വിമാനത്താവളം വന്നത്തോടെ പാമ്പുകള്‍ കൂട്ടത്തോടെ നാട്ടിന്‍പുറങ്ങളിലേക്ക്
ഇറങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതോടെ, പരിസര പ്രദേശങ്ങളിലെ വീടുകളിലും പറമ്പുകളിലും പാമ്പുകള്‍ നിത്യ കാഴ്ചായി മാറിയിരിക്കുകയാണ്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് നിന്ന് ഒരു മാസം മുമ്പ് ഒരു വീട്ടില്‍ നിന്ന് അഞ്ച് പെരുപാമ്പുകളെ പിടികൂടിയിരുന്നു. ഇതിന് പുറമെ മട്ടന്നുര്‍ പൊലീസ് ഇന്‍സ്‌പെക്‌റുടെ ഓഫിസ് മുറിയില്‍ നിന്നും പെരുപാമ്പിനെ പിടികൂടിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മട്ടന്നൂര്‍ -കണ്ണുര്‍ ദേശീയപാതയില്‍ കുംഭത്തിന് സമീപം മൂര്‍ഖന്‍ പാമ്പ് ഏറെ നേരം  റോഡില്‍ ഇറങ്ങിയത് യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷം മാത്രം പാമ്പ് കടിയേറ്റവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് വന്നതായി ആരോഗ്യ വിഭാഗവും പറയുന്നു.ചൂട് ഇനിയും വര്‍ദ്ധിക്കുന്നതോടെ പാമ്പിന്റെ ശല്യം ഇരട്ടിയാവുമെന്നാണ് കരുതുന്നത്.