അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിനു മാര്‍ച്ച്‌ 20ന് തിരി തെളിയും

0
72

തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാസമ്മേളനം മാര്‍ച്ച്‌ 20 മുതല്‍ 24 വരെ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) നടക്കുമെന്നു ഹിന്ദുധര്‍മ പരിഷത്ത് ഭാരവാഹികളായ ആര്‍എസ് നായര്‍, എം.ഗോപാല്‍, ഡോ.അയ്യപ്പന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ഏഴാമത് അനന്തപുരി ഹിന്ദു സമ്മേളനമാണ് മാര്‍ച്ച് 20ന് ആരംഭിക്കുന്നത്. 20ന് വൈകുന്നേരം അഞ്ച് മണിക്ക് ശ്രീരാമദാസ മിഷന്‍ പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഭദ്രദീപം തെളിയിക്കുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ഒ. രാജഗോപാല്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കശ്യപവേദ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ എം.ആര്‍.രാജേഷ് മുഖ്യപ്രഭാഷണം നടത്തും. നിംസ് മെഡിസിറ്റി എം.ഡി ഫൈസല്‍ ഖാന്‍ പ്രഭാഷണം നടത്തും.

21 ന് രാവിലെ 11 മണിക്ക് സാമൂഹ്യ സമത്വം എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ മാതാ അമൃതാനന്ദമയി മഠം സ്വാമി വിവേകാമൃതപുരി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് നടക്കുന്ന സാമൂഹ്യ സമത്വസമ്മേളനം മഞ്ചേരി ഭാസ്‌ക്കരപിള്ള ഉദ്ഘാടനം ചെയ്യും. ഡോ. അയ്യപ്പന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തും.

22ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന വനിതാ സമ്മേളനം അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്യും. ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ രാജലക്ഷ്മി, കേരള ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി പ്രൊഫ. വി.ടി.രമ പ്രസംഗിക്കും.

23ന് രാവിലെ 11 മണിക്ക് ‘കര്‍മപഥത്തിലെ ധാര്‍മികത’ എന്ന വിഷയത്തില്‍ സെമിനാര്‍ ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വ.രാജേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് രാഷ്ട്രരക്ഷാ സമ്മേളനം പ്രജ്ഞാ പ്രവാഹ് അഖിലേന്ത്യാ സംയോജകന്‍ ജെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 11 മണിക്ക് തീരദേശ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തെ സംബന്ധിച്ച സെമിനാര്‍ ഫിഷറീസ് യൂണിവേഴ്‌സിറ്റി വിസി ഡോ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം അഞ്ചു മണിക്ക് സമാപന സമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 17 മുതല്‍ പൈതൃകോത്സവം എന്ന പേരില്‍ നൂറോളം സ്റ്റാളുകളില്‍ ഒരുക്കിയ പ്രദര്‍ശനവും നടക്കും.