ഇത് പാവങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും യുവാക്കളുടെയും വിജയം; അഖിലേഷ് യാദവ്‌

0
55

ലഖ്നൗ: യുപി യിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ നേടിയ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. വിജയം പാവങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും യുവാക്കളുടെയും വിജയമാണെന്ന് അഖിലേഷ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് വലിയ വിജയമാണെന്നും ഇവിടുത്തെ കര്‍ഷകരുടെയും പാവങ്ങളുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും വിജയമാണിതെന്നും അഖിലേഷ് പറഞ്ഞു. ഫുല്‍പൂരില്‍ നിന്ന് വിജയിച്ച നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേലിനെയും ഗോരഖ്പൂരില്‍ നിന്നുള്ള പ്രവീണ്‍ നിഷാദിനെയും അഖിലേഷ് അനുമോദിച്ചു.

ഫുല്‍പൂരില്‍ താമരയുടെ തണ്ടൊടിഞ്ഞു, തങ്ങളെ വിജയിപ്പിച്ച ഫുല്‍പൂരിലെ ജനങ്ങള്‍ക്ക് നന്ദി. മുന്നോട്ടുള്ള വഴി ഇനി സുഗമമാകും. ഉപതെരഞ്ഞെടുപ്പില്‍ യുവാക്കളുടെ പ്രവര്‍ത്തനമാണ് ഇത്തരത്തിലൊരു വിജയം സമ്മാനിച്ചതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുമായി അടുത്ത തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് അഖിലേഷ് അറിയിച്ചു. മായാവതിയുമായി ഇന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അഖിലേഷ് ഇത് സംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്.

ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായ ഗോരഖ്പൂരിലും ഫൂല്‍പൂരിലുമാണ് എസ്പി വന്‍വിജയം നേടിയത്. മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് എംപി സ്ഥാനമൊഴിഞ്ഞതിനെയും ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ ഒഴിഞ്ഞതിനെയും തുടര്‍ന്നാണ് യഥാക്രമം ഗോരഖ്പൂരിലും ഫൂല്‍പൂരിലും ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇരുമണ്ഡലത്തിലും സമാജ്‌വാദി പാര്‍ട്ടിയ്ക്ക് ബിഎസ്പി പന്തുണ അറിയിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളും ബിജെപി യ്‌ക്കെതിരെ എസ്പി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചിരുന്നു.