ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധ വിമാനങ്ങള്‍ ഇറങ്ങിയതായി റിപ്പോര്‍ട്ട്

0
56

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധ വിമാനങ്ങള്‍ ഇറങ്ങിയതായി സംശയം. ടിബറ്റില്‍ ചൈനയുടെ യുദ്ധ വിമാനങ്ങള്‍ ഇറങ്ങിയതായായാണ് റിപ്പോര്‍ട്ട്. 11 യുദ്ധവിമാനവും, 22 ഹെലികോപ്റ്ററും ഇറങ്ങിയതായാണ് സൂചന. വിമാനങ്ങള്‍ ഇറക്കിയത് സംബന്ധിച്ച് ഒരു സ്ഥിരീകരണവും ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ല. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികായണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ദോക് ലാമില്‍ നേരത്തെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന റോഡ് നിര്‍മ്മാണം തുടങ്ങിയതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രണ്ട് മാസത്തോളം നീണ്ടുനിന്ന സംഘര്‍ഷാവസ്ഥ ബ്രിക്‌സ് ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് പരിഹരിച്ചത്. തുടര്‍ന്ന് ചൈന റോഡ് നിര്‍മ്മാണം അവസാനിപ്പിക്കുകയും ഇന്ത്യയും ചൈനയും സ്ഥലത്തു നിന്ന് പിന്മാറുകയുമായിരുന്നു.

ഇതിന് പിന്നാലെ വീണ്ടും ചൈന പ്രകോപനം തുടങ്ങിയിരുന്നു. നേരത്തെ പിന്മാറിയ സ്ഥലത്ത് നിന്ന് 150 മീറ്ററോളം ചൈനീസ് സൈന്യം മുന്നോട്ട് കയറി നിലയുറപ്പിക്കുകയും ചെയ്തു. 10 കിലോമീറ്റര്‍ അകലെ മറ്റൊരു സ്ഥലത്ത് റോഡ് നിര്‍മ്മാണവും തുടങ്ങിയിരുന്നെങ്കിലും ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചു. ഇതിനിടയിലാണ് ഇപ്പോള്‍ ചൈനീസ് യുദ്ധ വിമാനങ്ങള്‍ ടിബറ്റന്‍ അതിര്‍ത്തിയില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.