കതിരൂര്‍ മനോജ് വധക്കേസ്: പി.ജയരാജനെതിരായ യുഎപിഎ നിലനില്‍ക്കും

0
42

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെയുള്ള യുഎപിഎ നിലനില്‍ക്കും. കേസില്‍ യുഎപിഎ നീക്കണമെന്നാവശ്യപ്പെട്ട് ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യുഎപിഎ ചുമത്തിയതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ അനുമതി ലഭിക്കും മുമ്പ് യുഎപിഎ ചുമത്തിയത് വിചാരണ കോടതിക്ക് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.

കേസില്‍ യു എ പി എ ചുമത്തിയതുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. കേസിലെ മുഖ്യപ്രതി വിക്രമനടക്കം ഒന്നു മുതല്‍ 19 വരെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും കേസിലെ 25-ാം പ്രതിയായ ജയരാജന്‍ ഉള്‍പ്പെടെയുള്ള 20 മുതല്‍ 26 വരെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും.

ഇതില്‍ ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. അതേസമയം, വിക്രമന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ആവശ്യം കോടതി ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. ഇവര്‍ക്കു മേല്‍ യുഎപിഎ കുറ്റം ചുമത്തുമ്പോള്‍ അതിനുള്ള അനുമതി പത്രം സിബിഐക്ക് ലഭിച്ചിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചത്.

2014 സെപ്തംബര്‍ ഒന്നിനാണ് വാനില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ഒരു സംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.