കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ഇടത് യുവജന സംഘടനകള്‍ രംഗത്ത്‌

0
66

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഇടത് യുവജന സംഘടനകള്‍. കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഇടത് യുവജന സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നിര്‍ദേശത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി. കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ സിപിഐ അനുകൂല സംഘടനയായ എഐവൈഎഫ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന സംഘടനയായ ഡിവൈഎഫ്ഐ യിലും ഭിന്നാഭിപ്രായം ഉയരുന്നത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് അംഗീകരിക്കാന്‍ സംഘടനയ്ക്ക് കഴിയില്ലെന്ന് എം. സ്വരാജ് എംഎല്‍എ വ്യക്തമാക്കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സ്വരാജ് പറഞ്ഞു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് നിര്‍ദേശം ഉയര്‍ന്നതായി ഗതാഗത മന്ത്രി നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തില്‍ വിഷയം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കാതിരുന്നതും പ്രസക്തമാണ്. വിഷയം സംബന്ധിച്ച് സംസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാനാാണ് സാധ്യത.