കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ മതേതര പാര്‍ട്ടികളുടെ സഖ്യം രൂപപ്പെടുത്താന്‍ ഇടതുപക്ഷ നീക്കം

0
67

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ മതേതര പാര്‍ട്ടികളുടെ സഖ്യം രൂപപ്പെടുത്താന്‍ ഇടതുപക്ഷ നീക്കം.ഹൈദരാബാദില്‍ ചേരുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം മതേതര പാര്‍ട്ടികളുടെ സംയുക്ത വേദിയുണ്ടാക്കാനാണ് നീക്കം.കോണ്‍ഗ്രസ്സ് ഇതര മതേതര പാര്‍ട്ടികള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചതായാണ് യു .പി ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്ര മോഡല്‍ കര്‍ഷക സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച്‌ നേട്ടം കൊയ്യാമെന്നാണ് സി.പി.എം കണക്കുകൂട്ടല്‍.കര്‍ഷക സമരത്തിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം തൊഴിലാളികളുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത് സി.പി.എമ്മിന് ഗുണം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സി.പി.എമ്മിന് വലിയ സ്വാധീനം ഒന്നും അവകാശപ്പെടാനില്ലാതിരുന്ന സംസ്ഥാനത്ത് വന്‍ ജനക്കൂട്ടത്തെ തെരുവിലിറക്കി നടത്തിയ സമരം വിജയിപ്പിക്കാന്‍ കഴിഞ്ഞത് മഹാരാഷ്ട്രയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയും ഞെട്ടിച്ചിരുന്നു.മഹാരാഷ്ട്രയില്‍ നിന്ന് ലോക് സഭ തിരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന മുന്നേറ്റം ഇത്തവണ പാര്‍ട്ടി കാഴ്ചവയ്ക്കുമെന്നാണ് സി.പി.എം-കിസാന്‍ സഭ നേതാക്കള്‍ ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നത്.

ത്രിപുരയില്‍ ഭരണം നഷ്ടമായെങ്കിലും 992,575 വോട്ട് ഇടതുപക്ഷത്തിന് നേടാന്‍ കഴിഞ്ഞതിനാല്‍ ലോക് സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള രണ്ട് സീറ്റില്‍ ഒരു സീറ്റ് നിഷ്പ്രയാസം പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷ സി.പി.എമ്മിനുണ്ട്.തെലങ്കാനയിലെ കര്‍ഷക സമരം വലിയ ജനമുന്നേറ്റമായത് ആ സംസ്ഥാനത്തും സി.പി.എമ്മിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.