കൊച്ചി ടസ്‌കേഴ്‌സിന് നഷ്ടപരിഹാരമായി ബിസിസിഐ 550 കോടി രൂപ നല്‍കണം

0
70

ന്യൂഡല്‍ഹി: ഐപിഎല്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സിന് അനുകൂല നടപടിയുമായി സുപ്രീം കോടതി. ഐപിഎല്ലില്‍ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ പാലിക്കാതെ ടസ്‌കേഴ്‌സിനെ പുറത്താക്കിയതിന് നഷ്ടപരിഹാരമായി ബിസിസിഐ 550 കോടി രൂപ നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. കൊച്ചി ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം നല്‍കണമെന്ന ആര്‍ബിട്രേഷന്‍ ഫോറം ഉത്തരവിനെ ചോദ്യം ചെയ്ത് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. 18% വാര്‍ഷിക പലിശ ഉള്‍പെടെയാണ് നഷ്ടപരിഹാരമായി 550 കോടി രൂപ നിശ്ചയിച്ചത്.

പണം വേണ്ടെന്നും ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും കൊച്ചി ടസ്‌കേഴ്‌സ് ഫ്രാഞ്ചൈസി ഉടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബിസിസിഐ ഈ ഒത്തുതീര്‍പ്പിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് തര്‍ക്ക പരിഹാരത്തിലൂടെ തീരുമാനിച്ച തുകയാണ് 550 കോടി.

റെന്‍ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് എന്ന ടീം രൂപവത്ക്കരിക്കുന്നത്. 1560 കോടി രൂപയാണ് കേരള ടീമിന് ഐപിഎല്ലിലേക്കുള്ള പ്രവേശത്തിനായി ചിലവഴിക്കേണ്ടി വന്നത്‌. ഐപിഎല്ലില്‍ ഉയര്‍ന്ന രണ്ടാമത്തെ തുകയായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ തുകകൊടുത്തതത് പുണെ ടീമാണ്. കരാര്‍ ലംഘിച്ചെന്ന കാരണത്താല്‍ 2011ല്‍ ആദ്യസീസണ്‍ കഴിഞ്ഞപ്പോള്‍ തന്നെ ടസ്‌കേഴ്‌സിനെ ബിസിസിഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കി. കൊച്ചി ടീമിന്റെ എതിര്‍പ്പ് വകവെക്കാതെ അവര്‍ നല്‍കിയ ബാങ്ക് ഗ്യാരണ്ടിയില്‍ നിന്ന് 156 കോടി രൂപ ബിസിസിഐ പണമാക്കി പിന്‍വലിക്കുകയും ചെയ്തു.

പുതിയ ബാങ്ക് ഗ്യാരണ്ടി ആറു മാസത്തിനുള്ളില്‍ നല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊച്ചി ടീമിനോടാവശ്യപ്പെട്ടെങ്കിലും അത് നടക്കാതായതോടെ ടീം ഐപിഎല്ലില്‍ നിന്ന് പുറത്തായി. പുറത്താക്കുന്നതിനുമുമ്പ് 340 കോടി രൂപ ടീം ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും കണക്കാക്കാതെയായിരുന്നു ബിസിസിഐ യുടെ നടപടി. ഇതോടെയാണ് കൊച്ചി ടീം ആര്‍ബിട്രേറ്ററെ സമീപിക്കുന്നത്. ടീമില്‍ കളിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കുകയുണ്ടായില്ല. ടീമിനെതിരെ കോടതിയില്‍ പോകാനാണ് ബിസിസിഐ കളിക്കാരോട് ആവശ്യപ്പെട്ടത്.