ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബിജെപി യുടെ ജിഷ്ണുദേബ് ബര്‍മന് വിജയം

0
101

അഗര്‍ത്തല: ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി യ്ക്ക് വിജയം. ഉപമുഖ്യമന്ത്രി ജിഷ്ണുദേബ് ബര്‍മനാണ് ബിജെപി യ്ക്കായി ജയം സ്വന്തമാക്കിയത്. കോണ്‍ഗ്രസിന്റെ അര്‍ജുന്‍ ദേബ് ബര്‍മനെ 26, 510 വോട്ടുകള്‍ക്കാണ് ജിഷ്ണു തോല്‍പ്പിച്ചത്. മാര്‍ച്ച് 12 നായിരുന്നു ചാരിലാം മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ ബിജെപി അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് സിപിഐഎം തെരഞ്ഞടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാമചന്ദ്രനാരായണ്‍ ദേബ് ബര്‍മ പ്രചരണത്തിനിടെ മരിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു.
മാര്‍ച്ച് 12 ന് നടന്ന വോട്ടെടുപ്പില്‍ 78.45 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ചാരിലാം മണ്ഡലത്തിലെ വിജയത്തോടെ ത്രിപുര നിയമസഭയില്‍ ബിജെപിയുടെ അംഗബലം 36 ആയി ഉയര്‍ന്നു. ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ അംഗബലം 44 ആയും ഉയര്‍ന്നു. സിപിഐഎമ്മിന് 16 സീറ്റുകളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകള്‍ സ്വന്തമാക്കിയ കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല.

 

മാര്‍ച്ച് ഒമ്പതിനായിരുന്നു ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 25 വര്‍ഷം നീണ്ട സിപിഐഎം ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ബിജെപി-ഐപിഎഫ്ടി സഖ്യത്തിന്റെ വിജയം.