ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി

0
51

തൃശൂര്‍: ഡി സിനിമാസ് ഭൂമി വിവാദത്തില്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. ഭൂമി വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറിയെന്നും ഭൂമി ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്നുമുള്ള പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഹര്‍ജിയില്‍ വിജിലന്‍സ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അനധികൃത നിര്‍മ്മാണം നടന്നിട്ടില്ലെന്നും മുന്‍ ജില്ലാ കലക്ടറുടെ നടപടി നിയമപരമായിരുന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വെ സൂപ്രണ്ടും ഭൂമി കൈയേറ്റമില്ലെന്ന റിപ്പോര്‍ട്ടായിരുന്നു നല്‍കിയിരുന്നത്. ഡി സിനിമാസിനൊപ്പമുള്ളത് സമീപമുള്ള ഒരു ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണെന്നും സര്‍ക്കാരിന്റെയോ പുറമ്പോക്കോ ആയ ഭൂമി ഡി സിനിമാസില്‍ ഇല്ലെന്നും ജില്ലാ കളക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ജില്ലാ സര്‍വേ സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു.