മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷക വിരുദ്ധ സമീപനത്തിന്റെ തനിനിറമാണ് കീഴാറ്റൂരില്‍ കണ്ടത്: ഉമ്മന്‍ചാണ്ടി

0
67

മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ വിജയം കൊട്ടിഘോഷിക്കുന്ന കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷക വിരുദ്ധ സമീപനത്തിന്റെ തനിനിറമാണ് കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ കണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന വയല്‍കിളി പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റു ചെയ്യുകയും, തീവ്രവാദ ബന്ധം ആരോപിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഈ കൊടും ചൂടില്‍ തണലുപറ്റി സമരം ചെയ്യാന്‍ അവര്‍ തീര്‍ത്ത സമര പന്തല്‍ സിപിഎമ്മുകാര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കത്തിച്ചു കളയുകയും ചെയ്തത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പ്രതിഷേധകരവുമായ നടപടിയാണെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഉമ്മന്‍ചാണ്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മഹാരാഷ്ട്രയിലെ കർഷക സമരത്തിന്റെ വിജയം കൊട്ടിഘോഷിക്കുന്ന കേരളത്തിലെ മാർകിസ്റ്റ് പാർട്ടിയുടെ കർഷക വിരുദ്ധ സമീപനത്തിന്റെ തനിനിറമാണ് കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിൽ കണ്ടത്. ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്ന വയൽകിളി പരിസ്ഥിതി പ്രവർത്തകരെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റു ചെയ്യുകയും, തീവ്രവാദ ബന്ധം ആരോപിക്കുകയുമാണ് സർക്കാർ ചെയ്തത്. ഈ കൊടും ചൂടിൽ തണലുപറ്റി സമരം ചെയ്യാൻ അവർ തീർത്ത സമര പന്തൽ സി പി എംകാർ പോലീസിന്റെ സാന്നിധ്യത്തിൽ കത്തിച്ചു കളയുകയും ചെയ്തത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പ്രതിഷേധകരവുമായ നടപടിയാണ്. നന്ദിഗ്രാമിലെയും, സിംഗൂരിലെയും കർഷകസമരങ്ങൾ അടിച്ചമർത്താൻ ശ്രമിച്ച സി പി എമ്മിന്റെ കർഷക വിരുദ്ധ നയങ്ങളുടെ തുടർച്ച തന്നെയാണ് കീഴാറ്റൂരിലും കണ്ടത് .പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണത്തിലേറുമ്പോൾ നേർ വിപരീതവും ചെയ്യുന്ന വൈരുധ്യമായ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാകുന്നത്.

തങ്ങൾക്കെതിരെ നിൽക്കുന്നവരെ രാജ്യദ്രോഹികളും, തീവ്രവാദികളുമായി ചിത്രീകരിക്കുന്ന ബി ജെ പിയുടെ അതേ നിലപാട് തന്നെയാണ്, സമാധാനപരമായി സമരം ചെയ്‌ത വയൽകിളി പ്രവർത്തകർക്ക് തീവ്രവാദ ബന്ധം ആരോപിക്കുന്നതിലൂടെ സി പി എം ചെയ്തത്.

വികസന പ്രവർത്തനങ്ങൾക്ക് ആരും എതിരല്ല.അതിനുവേണ്ടി സ്ഥലം ഏറ്റെടുക്കേണ്ടിയും വരും.ഭൂമി നഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആവശ്യങ്ങളും ഗവണ്മെന്റ് മനസിലാക്കുകയും അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടു പരമാവധി പ്രശ്നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്.സമരം ചെയ്തവരെ പ്രകോപിപ്പിക്കുകയും വെല്ലുവിളിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ് . അത് ഒരിക്കലും ജനാധിപത്യ വ്യവസ്ഥിതിയിൽ സ്വീകാര്യവും അല്ല.

കീഴാറ്റൂരിൽ സമന്വയത്തിന്റെ സമീപനം ഗവണ്മെന്റ് സ്വീകരിക്കണം . ചർച്ചയിലൂടെ സമരക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.