മോദി, കൂടുതല്‍ ചിരിക്കരുത്… നിങ്ങളെ കാത്തിരിക്കുന്നത് തിരിച്ചടികള്‍, തിരിച്ചടികള്‍ മാത്രം

0
996

കെ.ശ്രീജിത്ത്

ഉത്തര്‍പ്രദേശിലെ രണ്ടും ബിഹാറിലെ ഒന്നും ലോക്‌സഭാ സീറ്റുകളിലേയ്ക്ക്‌ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍, ബിഹാറിലെ അരാരിയ മണ്ഡലങ്ങളിലാണ് ബിജെപി കനത്ത തിരിച്ചടി നേരിട്ടത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായപ്പോള്‍ ഒഴിഞ്ഞ ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ബിജെപിയാണ് ജയിച്ചിരുന്നത്. ആദിത്യനാഥ് അഞ്ച് തവണ ജയിച്ച മണ്ഡലമാണ് ഇത്. അതും 2014ല്‍ ആദിത്യനാഥ് ജയിച്ചത് 3.13 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ഇതുമറികടന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് ബിജെപിയുടെ ഉപേദ്ര ദത്ത് ശുക്ലയെ 21,881 വോട്ടിന് തോല്പിച്ചത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒഴിഞ്ഞ ഫുല്‍പൂരില്‍ 59, 613 വോട്ടുകള്‍ക്കാണ് സമാജ് വാദി പാര്‍ട്ടിയുടെ നാഗേന്ദ്ര പ്രതാപ് സിങ് പട്ടേല്‍ ബിജെപിയുടെ കൗശലേന്ദ്ര പട്ടേലിനെ തോല്പിച്ചത്. 2014ല്‍ കേശവ് പ്രസാദ് മൗര്യ ഇവിടെ ജയിച്ചത് മൂന്ന് ലക്ഷത്തോളം വോട്ടിനായിരുന്നു. ബിഹാറിലാകട്ടെ തങ്ങളുടെ സിറ്റിങ് സീറ്റ് ആര്‍ജെഡി നിലനിര്‍ത്തുകയായിരുന്നു.

ഉത്തര്‍ പ്രദേശ് പോലൊരു സംസ്ഥാനത്ത് നിലവിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സീറ്റുകളിലേറ്റ പരാജയം എത്രയൊക്കെ ന്യായീകരിച്ചാലും ബിജെപിക്ക് കനത്ത ക്ഷീണമാണ്. അതും യോഗി ആദിത്യനാഥൊക്കെ നേരിട്ട് പ്രചാരണത്തിനിറങ്ങിയിട്ടും. ത്രിപുരയില്‍ സിപിഎമ്മിനെ തോല്പിച്ചെന്ന് അഹങ്കരിച്ചിരുന്ന അവര്‍ക്ക് കൊണ്ടിരിക്കുന്നത് ചങ്കില്‍ത്തന്നെയാണ്. പാടിപ്പുകഴ്ത്തുന്ന ‘മോദി തരംഗം’ ഇന്ത്യയില്‍ ഇറങ്ങിത്തുടങ്ങുകയാണ് എന്നുതന്നെയാണ് ഇത് കാണിക്കുന്നത്. അധികാരത്തിന്റെ മറവില്‍ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന ബിജെപിയുടെ അഹന്തയ്‌ക്കേറ്റ കനത്ത അടി. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളികളാണ് മോദിയെ കാത്തിരിക്കുന്നത്. ‘ഹിന്ദുത്വം’ എന്ന ഒരൊറ്റ വര്‍ഗീയ അജന്‍ഡ കൊണ്ടൊന്നും ഇനിയൊരു തിരഞ്ഞെടുപ്പ് മോദിയോ ബിജെപിയോ ജയിക്കാന്‍ പോകുന്നില്ല. ആകെ പറയാനുള്ളത് അതുമാത്രമാണ് താനും.

ഉത്തര്‍ പ്രദേശില്‍ മാത്രമല്ല തിരിച്ചടി കാത്തിരിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം മോദിയേയും ബിജെപിയെയും കാത്തിരിക്കുന്നത് സമാനമായ തിരിച്ചടികളാണ്. അടുത്തുതന്നെ നടക്കാന്‍ പോകുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിയര്‍ക്കും എന്നതില്‍ സംശയമില്ല. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ സമാപിച്ച ലോങ് കിസാന്‍ മാര്‍ച്ച് രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ എന്താണെന്ന് കൃത്യമായി കാട്ടിത്തരുന്നതായിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും തുടങ്ങി എല്ലായിടത്തും കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ അവര്‍ മനംനൊന്തിരിക്കുന്നു. അവരുടെയൊക്കെ ഉള്ളിലുള്ള കനത്ത അമര്‍ഷമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പുറമേയ്ക്ക് ഇതൊന്നും കാണിക്കുന്നില്ലെങ്കിലും ബിജെപിക്ക് തന്നെ അറിയാം അവരുടെ സ്ഥിതി പരുങ്ങലിലാണ് എന്ന്. ഒരു മോദിയെക്കൊണ്ടോ അമിത് ഷായെക്കൊണ്ടോ ഇനിയൊരു തിരഞ്ഞെടുപ്പ് ജയിക്കാനാകുമെന്ന് അവര്‍ തന്നെ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം.

ഇതിനൊക്കെ പുറമെയാണ് പാര്‍ട്ടിക്കുള്ളില്‍ മോദിയും അമിത് ഷായും നേരിടുന്ന എതിര്‍പ്പുകള്‍. 2014ല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിന്റെ ബലത്തില്‍ ഷായും മോദിയും പാര്‍ട്ടിക്കുള്ളില്‍ ഏകാധിപതികളായി വാഴുകയായിരുന്നു. പാര്‍ട്ടി എന്ന സംവിധാനത്തെപ്പോലും നോക്കുകുത്തിയാക്കി ഇരുവര്‍ക്കും തോന്നിയത് മുഴുവന്‍, പാര്‍ട്ടിയില്‍ മറ്റുള്ളവരോടൊന്നും ആലോചിക്കുക പോലും ചെയ്യാതെ കണ്ണുമടച്ച് നടപ്പിലാക്കുകയായിരുന്നു. മോദി അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തും പാര്‍ട്ടിക്കുള്ളിലും ഏകാധിപതിയായി മുന്നേറുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന് ബിജെപിക്കുള്ളില്‍ തന്നെ കടുത്ത അഭിപ്രായമുണ്ട്. അമര്‍ഷമുണ്ട്. ഇതെല്ലാം പല രീതിയില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. യോഗി ആദിത്യനാഥിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള മോഹമാണ് മറ്റൊന്ന്. അതിനായി അദ്ദേഹം ആര്‍എസ്എസ്സിനെ ഒപ്പം നിര്‍ത്താനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ്. തന്നെപ്പോലെത്തന്നെ തീവ്രചിന്തകളുള്ള എതിരാളിയെയാണ് യോഗി ആദിത്യനാഥില്‍ മോദി നേരിടുന്നത്.

മോദി പ്രഭാവം അസ്തമിച്ചുതുടങ്ങിയെന്ന് ഇക്കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായതാണ്. മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ കഷ്ടിച്ച്, നിരങ്ങിയാണ് ബിജെപി അധികാരത്തിലെത്തിയത്. ഒരുഘട്ടത്തില്‍ അവിടെ ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നുവരെ തോന്നിയിരുന്നു. അത്രമാത്രം പരീക്ഷണമാണ് അവര്‍ നേരിട്ടത്. ഇതുതന്നെയാണ് രാജസ്ഥാന്‍, കര്‍ണാടക തിരഞ്ഞെടുപ്പുകളില്‍ അവരെ കാത്തിരിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി തിരിച്ചടി നേരിടുമെന്ന് ഉറപ്പാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്താനും രാജസ്ഥാന്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചടക്കാനുമാണ് സാധ്യത മുഴുവന്‍. നോട്ട് നിരോധനത്തിന്റെ ദുരിതം ഇപ്പോഴും താഴേക്കിടയിലുള്ളവര്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുപുറമെയാണ് ജിഎസ്ടി. രാജ്യത്തെ ഒട്ടുമിക്ക വ്യവസായികളും ജിഎസ്ടി നടപ്പിലാക്കിയതില്‍ അസംതൃപ്തരാണ്. ഗുജറാത്തിലെ സൂറത്തിലും മറ്റും ഇത് പ്രകടമായി കാണാം.

പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍ ബിജെപിയെ തറപറ്റിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലും ബിഹാറിലും നടന്ന ഉപതിരഞ്ഞെടുപ്പ്. പ്രത്യേകിച്ചും ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ഒരുമിച്ചുനിന്നാല്‍ ബിജെപി വിയര്‍ക്കുമെന്നത് ഉറപ്പാണ്. 80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശ് ബിജെപിക്കെതിരെ തിരിഞ്ഞാല്‍ രാജ്യത്തിന്റെ തലവര തന്നെ മാറും. ഉത്തര്‍പ്രദേശില്‍ ബിജെപിയെ തറപറ്റിക്കാനായാല്‍ കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെടും. ഇതോടൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവ കൂടി ചേരുമ്പോള്‍ അവരുടെ തകര്‍ച്ച പൂര്‍ണമാകും. ദക്ഷിണേന്ത്യയില്‍ കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിലും ബിജെപിക്ക് പ്രതീക്ഷയ്ക്ക് വകയില്ല. ആന്ധ്രാ പ്രദേശിലാകട്ടെ പ്രാദേശിക പാര്‍ട്ടിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി ബിജെപിയുമായി അകല്‍ച്ചയിലാണ്. ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും അവര്‍ നേരിടുന്നത് കടുത്ത പരീക്ഷണങ്ങളാണ്. എന്നാല്‍ ഇതെല്ലാം ഉപയോഗപ്പെടുത്തണമെങ്കില്‍ രാജ്യത്തൊട്ടാകെ, എല്ലാ സംസ്ഥാനങ്ങളിലുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും അതിനിടയില്‍ വിള്ളല്‍ വീഴ്ത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യണം. ബിജെപി എല്ലാ അഭ്യാസവും പയറ്റുമെന്നത് ഉറപ്പാണ്. അധികാരം, പണം തുടങ്ങി ഏത് വഴിയും അവര്‍ സ്വീകരിക്കുമെന്നത് അവരുടെ മുന്‍കാല ചരിത്രം വിളിച്ചുപറയുന്നുണ്ട്. അത്തരം പയറ്റുകളില്‍ അഗ്രഗണ്യനാണ് അമിത് ഷാ. എല്ലാതരം അധാര്‍മികതകളും യാതൊരു മടിയുമില്ലാതെ പിന്തുടരാന്‍ ഷാ തയ്യാറാവും. അതിനെ പ്രതിരോധിക്കുകയും മറികടക്കുകയും ചെയ്യുക എന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

എന്തായാലും രാജ്യത്ത് പുതിയ ചില പ്രതീക്ഷകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നത് വ്യക്തമാണ്. അതിനെ കൂടുതല്‍ വെളിച്ചത്തിലേയ്ക്ക് നയിക്കാന്‍ ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്ക് കഴിയണം. രാജ്യത്തെ അടിസ്ഥാന വര്‍ഗത്തില്‍ വലിയൊരു വിഭാഗം പുതിയ മുന്നേറ്റങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. അവര്‍ അത്രമേല്‍ മടുത്തിരിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്തില്‍ ജീവിക്കാനുള്ള അവരുടെ അവകാശം പോലും നിഷേധിക്കപ്പെടുന്നത് അത്യന്തം സങ്കടകരമാണ്. അതുകൊണ്ടുതന്നെ അതില്‍ നിന്നുള്ള മോചനമാണ് അവര്‍ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തോട്‌ നീതി പുലര്‍ത്താനും അവരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനും രാജ്യത്തെ മതേതര ശക്തികള്‍ക്ക് കഴിയട്ടെ.