ലോകത്തിലെ ആദ്യ ടി10 ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്ത് തുടങ്ങാന്‍ പദ്ധതിയുമായി കേരള കിങ്സ്

0
62

തിരുവനന്തപുരം : ലോകത്തെ ആദ്യ ടി10 ക്രിക്കറ്റ് അക്കാദമി തിരുവനന്തപുരത്ത് ആരംഭിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായികള്‍. ടി10 ക്രിക്കറ്റ് ടീമായ കേരള കിങ്സിന്റെ ഉടമകളുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഷാര്‍ജയില്‍ നടന്ന പ്രഥമ അന്താരാഷ്ട്ര ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ചാമ്പ്യന്മാരാണ് കേരള കിങ്സ്.

യുവപ്രതിഭകളെ കണ്ടെത്തുവാന്‍ സംസ്ഥാനത്ത് ഉടനീളം ടി10 ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും അവര്‍ക്ക് നിര്‍ദിഷ്ട യുഎഇ ക്രിക്കറ്റ് അക്കാദമിയില്‍ അംഗത്വം നല്‍കുന്നതിനും ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും മുല്‍ക്ക് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും കേരള കിങ്സിന്റെ സഹ ഉടമയുമായ ഡോ.ഷാഫി ഉല്‍ മുല്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചു. വളര്‍ന്നു വരുന്ന ക്രിക്കറ്റ് പ്രതിഭകള്‍ക്ക് പ്രശസ്തരായ പരിശീലകരുടെ ശിക്ഷണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കുകയാണ് ടി10 കമ്മിറ്റിയുടെ പ്രധാന ലക്ഷ്യമെന്ന് ഡോ മുല്‍ക്ക് അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലാണ് (ഡബ്ല്യുഎംസി) കേരള കിങ്‌സ് ഉടമകളുടെ സംരംഭത്തിന് പിന്തുണ നൽകുന്നത്. ഹൈദരാബാദിൽ നടന്ന മൂന്നാമത് ഇൻഡിവുഡ് ഫിലിം കാർണിവലിലാണ് ടി10 ക്രിക്കറ്റ് ലീഗ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. പ്രവാസി വ്യവസായിയായ സോഹൻ റോയിയാണ് 10 ബില്യൻ യുഎസ് സംരംഭമായ ഇൻഡിവുഡിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ സിനിമയെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ഇൻഡിവുഡിന്റെ ലക്ഷ്യം. ഇതോടൊപ്പം 90 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ടി10 മത്സരങ്ങൾ എല്ലാ തീയേറ്ററുകളിലും പ്രദർശിപ്പിക്കുവാനുമുള്ള തയ്യാറെടുപ്പിലുമാണ്.

വളർന്നു വരുന്ന ക്രിക്കറ്റ് പ്രതിഭകൾക്ക് പ്രശസ്തരായ കോച്ചുകളുടെ ശിക്ഷണത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നൽകുകയാണ് ടി10 കമ്മിറ്റിയുടെ പ്രധാന ലക്ഷ്യമെന്ന് ഡോ. മുൽക്ക് പറഞ്ഞു. കേരളത്തിലെ പ്രതിഭകളായ യുവാക്കൾക്ക് ആത്മവിശ്വാസം പകരുന്നതിനോട് ഒപ്പം മികച്ച ലോകോത്തര ക്രിക്കറ്റ് താരങ്ങളുടെ കൂടെ കളിക്കുമ്പോൾ ലഭിക്കുന്ന രാജ്യാന്തര നിലവാരം എന്നിവയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ക്രമേണ കേരള കിങ്സിന്റെയും ടി10 ഫ്രാഞ്ചൈസി ടീമുകളുടെ ഭാഗമാകാനും അവർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.