വി.മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

0
62

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ ബിജെപിക്ക് അവകാശപ്പെട്ട മൂന്നു സീറ്റിലേക്കു നാലു സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിരുന്നു. ഇവരില്‍ ഒരാള്‍ പത്രിക പിന്‍വലിച്ചതോടെയാണു വോട്ടെടുപ്പ് ഒഴിവായി മുരളീധരനു രാജ്യസഭാംഗത്വം ലഭിച്ചത്. മഹാരാഷ്ട്രയില്‍നിന്നു പത്രിക സമര്‍പ്പിച്ച ആറു പേരും തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ എന്നിവരാണു മുരളീധരനു പുറമെ ജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുമാര്‍ കേത്കര്‍ (കോണ്‍ഗ്രസ്), അനില്‍ ദേശായി (ശിവസേന), വന്ദന ചവാന്‍ (എന്‍സിപി) എന്നീ സ്ഥാനാര്‍ഥികളും വിജയിച്ചു.