സൂപ്പര്‍ കപ്പിന് പന്തുതട്ടാന്‍ ഗോകുലവും

0
69

ഭുവനേശ്വര്‍: പ്രഥമ സൂപ്പര്‍ കപ്പിനുള്ള അവസാന പതിനാറ് ടീമുകളിലേക്ക് ഗോകുലം കേരള എഫ്സി യോഗ്യത നേടി. ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ സൂപ്പര്‍ ലീഗ് ടീമായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്താണ് ഗോകുലം കേരള സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടിയത്. യുഗാന്‍ഡ സ്ട്രൈക്കര്‍ ഹെന്‍ട്രി കിസെക്കെയുടെ ഇരട്ട ഗോളാണ് ഗോകുലത്തിന് മികച്ച വിജയം സമ്മാനിച്ചത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് 43-ാം മിനിറ്റിലാണ് ഹെന്‍ട്രി കിസെക്ക ആദ്യ ഗോള്‍ വലയിലാക്കിയത്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് വലതുവശത്തുനിന്ന് പോസ്റ്റ് ലക്ഷ്യമാക്കി ഉതിര്‍ത്ത ഷോട്ട് ഗോളിയെ മറികടന്ന് വലയിലെത്തി. 75-ാം മിനിറ്റിലായിരുന്നു ഹെന്‍ട്രിയുടെ രണ്ടാം ഗോള്‍. മലയാളി താരം അര്‍ജുന്‍ ജയരാജ് പോസ്റ്റിനുള്ളിലേക്ക് നല്‍കിയ പാസ് കൃത്യമായ ടച്ചിലൂടെ ഹെന്‍ട്രി കിസെക്ക പോസ്റ്റിലെത്തിച്ചു.

സല്‍മാനും അര്‍ജുനും കൂടി നടത്തിയ ഗംഭീര നീക്കത്തൊമൊടുവില്‍ ഒരു ടാപിന്‍ എന്ന കടമ മാത്രമെ രണ്ടാം ഗോളില്‍ ഹെന്‍റി കിസേകയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ജയത്തോടെ കേരള ഫുട്ബോളിന്റെ അഭിമാനം ഒരിക്കല്‍ കൂടി ഉയര്‍ത്തിയിരിക്കികയാണ് ഗോകുലം എഫ് സി. പ്രീക്വാര്‍ട്ടറിലേക്ക് കടന്ന ഗോകുലത്തിന് ഇനി ബെംഗളൂരു എഫ് സിയാകും എതിരാളികള്‍. ജയന്റ് കില്ലേഴ്സ് എന്ന പേരു വീണ ഗോകുലം ബെംഗളൂരുവിനെയും ഞെട്ടിക്കും എന്ന് പ്രതീക്ഷിക്കാം.