അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിച്ചില്ല; ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു

0
61

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലുങ്ക്ദേശം പാര്‍ട്ടിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിച്ചില്ല. ബഹളത്തെത്തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിക്കുകയായിരുന്നു.

സഭ തുടങ്ങിയപ്പോള്‍ തന്നെ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നത് സംബന്ധിച്ചും ബാങ്ക് തട്ടിപ്പ് സംബന്ധിച്ചും ബഹളമുയര്‍ന്നിരുന്നു. ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, എഐഡിഎംകെ, ആര്‍ജെഡി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയും എസ്.പി, ഇടത് അംഗങ്ങളും സീറ്റുകളില്‍ നിന്ന് എണീറ്റ് ബഹളമുണ്ടാക്കുകയും ചെയ്തു. ബഹളം തുടര്‍ന്നപ്പോള്‍ സ്പീക്കര്‍ സഭ 12 മണിവരെ നിര്‍ത്തിവെച്ചു. പിന്നീട് സഭ വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

തെലുങ്കുദേശം പാര്‍ട്ടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും സിപിഎമ്മും പിന്തുണച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ കകക്ഷികളെല്ലാം ഒരുമിച്ച് അവിശ്വാസപ്രമേയത്തെ പിന്തുണച്ചാലും ബിജെപി സര്‍ക്കാരിന് തത്ക്കാലം ഭീഷണിയുണ്ടാകില്ല. ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍ ബിജെപിക്കുണ്ട്.