ആം ആദ്മി പ്രതിസന്ധിയില്‍; പഞ്ചാബ് പാര്‍ട്ടി അധ്യക്ഷന്‍ രാജിവെച്ചു

0
72

ചണ്ഡീഗഢ്: ആം ആദ്മി പാര്‍ട്ടി വീണ്ടും പ്രതിസന്ധിയില്‍. ആം ആദ്മി പഞ്ചാബ് അധ്യക്ഷന്റെ രാജിയെത്തുടര്‍ന്നാണ് പാര്‍ട്ടി വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചാബ് പാര്‍ട്ടി അധ്യക്ഷന്‍ ഭഗവനന്ത് മാനാണ് രാജിവെച്ചത്.

ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മന്ത്രിയുമായ ബിക്രം സിംഗ് മജീതിയയ്ക്ക് മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറഞ്ഞ കെജ്രിവാളിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. മജീദിയ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ മാപ്പ് അപേക്ഷിച്ച് കെജ്രിവാള്‍ കത്ത് നല്‍കിയിരുന്നു. മജീദിയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടെന്നും എല്ലാം പിന്‍വലിച്ച് മാപ്പ് പറയുന്നുവെന്നും കെജ്രിവാള്‍ കത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍, കെജ്രിവാളിന്റെ നടപടി തന്നെ ഞെട്ടിച്ചെന്നും പ്രതിഷേധമായാണ് രാജിവെയ്ക്കുന്നതെന്നും ഭഗവനന്ത് പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ രാജി സമര്‍പ്പിച്ചത്. അധ്യക്ഷന്റെ രാജി സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ ഉപദേഷ്ടാവായ വി.കെ ജെയ്ന്‍ രാജിവെച്ചതും പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.