ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ്; റോജര്‍ ഫെഡററും വീനസ് വില്യംസും സെമിഫൈനലില്‍

0
54

ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്വിസ് താരം റോജര്‍ ഫെഡററും, അമേരിക്കന്‍ താരം വീനസ് വില്യംസും സെമിഫൈനലിലേക്ക് കടന്നു. ഇന്ത്യന്‍ വെല്‍സില്‍ 36കാരനായ ഫെഡറര്‍ ആറാമത്തെയും 37കാരിയായ വീനസ് ആദ്യത്തെയും കിരീടമാണ് ലക്ഷ്യമിടുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ചുങ് ഹിയോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് ഫെഡറര്‍ സെമിയില്‍ കടന്നിരിക്കുന്നത്. സ്‌കോര്‍ 7-5, 6-1. ആദ്യ സെറ്റില്‍ മികച്ച ചെറുത്ത് നില്‍പ്പ് നടത്തിയ ദക്ഷിണകൊറിയന്‍ താരം പത്താമത്തെ ഗെയിമിലാണ് ബ്രേക്ക് വഴങ്ങിയത്. തുടര്‍ന്ന് 7-5 ന് ആദ്യ സെറ്റ് ഫെഡറര്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ഫെഡററുടെ സര്‍വാധിപത്യമായിരുന്നു കണ്ടത്. ഒരു ഗെയിം മാത്രമാണ് ചൂങിന് നേടാനായത്. ഈ വര്‍ഷത്തെ തുടര്‍ച്ചയായ 16-ാം വിജയമാണ് ഫെഡറര്‍ കുറിച്ചത്.

 

സെമിയില്‍ ക്രൊയേഷ്യയുടെ ബോണ കോറികാണ് ഫെഡററുടെ എതിരാളി. ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ അട്ടിമറിച്ചാണ് കോറിക് അവസാന നാലില്‍ എത്തിയിരിക്കുന്നത്. സ്‌കോര്‍ 2-6, 6-4, 7-6(3).

മൂന്നാം റൗണ്ടില്‍ സഹോദരി സെറീനയെ തോല്‍പ്പിച്ച് മുന്നേറിയ വീനസ് ക്വാര്‍ട്ടറില്‍ കാര്‍ല സുവാരസ് നവാരോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെമിയിലെത്തിയിരിക്കുന്നത്. സ്‌കോര്‍ 6-3, 6-2. സെമിയില്‍ റഷ്യയുടെ 20 കാരിയായ ഡാരിയ കസാറ്റ്കിനയെ വീനസ് നേരിടും.