ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനി ധരിച്ച് നടക്കാന്‍ പാടില്ലെന്ന് കണ്ണന്താനം

0
56

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികള്‍ ബിക്കിനി ധരിച്ച് നടക്കാന്‍ പാടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ സഞ്ചാരികള്‍ രാജ്യത്തെ സംസ്‌കാരത്തിനിണങ്ങുന്ന രീതിയില്‍ പെരുമാറണം. വിദേശികള്‍ അവരുടെ രാജ്യത്ത് ബിക്കിനി ധരിച്ച് നടക്കുന്നത് സാധാരണമാണ്. എന്നാല്‍, ഇന്ത്യയില്‍ അത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് കണ്ണന്താനം പറയുന്നു.

ഗോവയിലെ ബീച്ചുകളില്‍ വിദേശികള്‍ ബിക്കിനി ധരിച്ച് നടക്കുന്നുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങളില്‍ പോകുമ്പോള്‍ വിനോദ സഞ്ചാരികള്‍ അവിടുത്തെ വസ്ത്ര ധാരണ രീതി പിന്തുടരാന്‍ ശ്രമിക്കണമെന്നും കണ്ണന്താനം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍, മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ അവിടുത്തെ വസ്ത്രധാരണവും സംസ്‌കാരവും അനുസരിക്കാന്‍ തയാറാവണം. എന്നാല്‍, ഇന്ത്യയിലെത്തുന്ന എല്ലാവരും സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ വിദേശികള്‍ അവരുടെ രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന കണ്ണന്താനത്തിന്റെ പ്രസ്താവനയും വന്‍ വിവാദമായിരുന്നു.