കാലാവധി തീര്‍ന്ന എടിഎം കാര്‍ഡുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ വാര്‍ഷികസേവന നിരക്ക് ഈടാക്കുമെന്ന് ബാങ്കുകള്‍

0
88

കാലാവധി തീര്‍ന്ന എടിഎം കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ബാങ്കുകള്‍ വാര്‍ഷികസേവന നിരക്ക് ഈടാക്കുമെന്ന് സൂചന. പുതിയ എടിഎം കാര്‍ഡ് ലഭിക്കുമ്പോള്‍, പഴയത് ബാങ്കില്‍ നല്‍കുകയോ സ്വമേധയാ ബ്ലോക്ക് ചെയ്യുകയോ വേണം. ഇല്ലെങ്കില്‍ ഇത് പ്രവര്‍ത്തനസജ്ജമെന്നുകണ്ട് ബാങ്കുകള്‍ സേവനനിരക്ക് ഈടാക്കും.പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും അക്കൗണ്ടുള്ളവര്‍ക്ക് ഇത് ബാധകമാണ്.

കാലാവധി രേഖപ്പെടുത്തിയ കാര്‍ഡുകള്‍ കാലാവധിതീര്‍ന്ന് പുതുക്കിവരുമ്പോള്‍ മാത്രമാണ് പഴയ കാര്‍ഡ് ഉപയോഗശൂന്യമാകുക. അല്ലെങ്കില്‍ ഈ കാര്‍ഡിനും സാധാരണ ഈടാക്കുന്ന നിരക്കുകളെല്ലാം ബാധകമായിരിക്കും. 150 രൂപ മുതല്‍ 500 രൂപവരെ വാര്‍ഷിക സേവന നിരക്ക് ഈടാക്കുന്ന ബാങ്കുകളുണ്ട്.

ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധിക ഉപയോഗത്തിന് പിഴ ഈടാക്കും. രണ്ട് കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് പിഴകൂടാതെ മാസം 10 ഇടപാടുകള്‍വരെ നടത്താനാകും. ഇതിനുശേഷം വരുന്ന ഇടപാടുകള്‍ക്ക് പിഴ ഈടാക്കുന്നതാകുമെന്ന് എസ്ബിഐ അധികൃതര്‍ പറഞ്ഞു.

ബാങ്കിങ് നിയമപ്രകാരം പുതിയ കാര്‍ഡ് നല്‍കുമ്പോള്‍ പഴയ കാര്‍ഡ് അതാത് ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതാണ്. തിരിച്ചുനല്‍കിയില്ലെങ്കില്‍ നിയമവിരുദ്ധമായി കണക്കാക്കാനാകില്ല. ഒരു അക്കൗണ്ടിന് ഒരു എടിഎം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂയെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെന്നും എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി.