‘ചുറ്റുമുള്ളവരുടെ സ്‌നേഹവും കരുതലും ശക്തിയും പ്രതീക്ഷ പകരുന്നു’:ഇര്‍ഫാന്‍ ഖാന്‍

0
70

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അപൂര്‍വരോഗത്തിന്റെ പിടിയിലാണെന്ന വാര്‍ത്ത സിനിമാപ്രേമികള്‍ ഞെട്ടലോടെയാണ് കേട്ടത്.
ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് മാത്രമാണ് അന്നു പുറത്ത് വന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ അസുഖത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും താരം വ്യക്തമാക്കിയിരിക്കുകയാണ്.

‘പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നമ്മെ വളരാന്‍ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക് മനസിലായതും അതാണ്. എനിക്ക് ട്യൂമറാണെന്ന സത്യം വളരെ വിഷമത്തോടെയാണ് അംഗീകരിച്ചതെങ്കിലും ചുറ്റുമുള്ളവരുടെ സ്‌നേഹവും കരുതലും ശക്തിയും പ്രതീക്ഷ പകരുന്നതാണ്. ചികിത്സക്കായി ഞാന്‍ ഇപ്പോള്‍ വിദേശത്താണ്.

ന്യൂറോ എന്നുപറയുന്നത് തലച്ചോറുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല, കൂടുതല്‍ അറിയണമെങ്കില്‍ ഗൂഗിളില്‍ ചെന്ന് സേര്‍ച്ച് ചെയ്യൂ. നിങ്ങളെല്ലാവരുടെയും പ്രാര്‍ത്ഥനകളും ആശംസകളും ഉണ്ടാകണം. എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഞാന്‍ വീണ്ടും വരുന്നതായിരിക്കും.’-ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം രോഗവിവരം വെളിപ്പെടുത്തിയത്.

മാര്‍ച്ച് അഞ്ചിനാണ് ഇര്‍ഫാന്‍ ഖാന്‍ അപൂര്‍വ രോഗത്തിന്റെ പിടിയിലാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പത്ത് ദിവസത്തിനുള്ളില്‍ രോഗം എന്താണെന്നുള്ള സ്ഥിരീകരണം വരും. അതിന് ശേഷം അത് നിങ്ങളോട് ഞാന്‍ തന്നെ പറയും. നല്ലത് വരാന്‍ ആശംസിക്കുക എന്നായിരുന്നു താരം അന്ന് ട്വിറ്ററില്‍ കുറിച്ചത്.

ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ സിനിമകളില്‍ നിന്ന് അവധിയെടുത്തിരിക്കുയാണ് അദ്ദേഹം. ഇര്‍ഫാന്‍ കരാറൊപ്പിട്ട എല്ലാ പ്രോജക്ടുകളും മാറ്റിവെയ്ക്കുകയാണെന്ന് അദ്ദേഹത്തിന്റെ പ്രസ് ടീം അറിയിച്ചു.