ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം

0
128

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.കെ.കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം. 70 വയസ് കഴിഞ്ഞവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യത്തിന്റെ പേരിലാണ് ശിക്ഷാ ഇളവിന് ശ്രമിക്കുന്നത്.

പ്രതിക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനു മുന്നോടിയായി കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ടി.പി.ചന്ദ്രശേഖരന്റെ കുടുംബത്തിന്റെ അഭിപ്രായം തേടിയപ്പോഴാണ് ഈ നീക്കം പുറത്തറിഞ്ഞത്. സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ പ്രകാരം എസ്.പിയുടെ നിര്‍ദേശം അനുസരിച്ച് സ്ഥലം എസ്.ഐ ടി.പിയുടെ ഭാര്യ കെ.കെരമയുടെ മൊഴിയെടുത്തു.

എന്നാല്‍ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കെ.കെ.രമ പറഞ്ഞു. ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നും രമ പ്രതികരിച്ചു.

സി.പി.എമ്മിന്റെ ഉന്നതരായ നേതൃത്വത്തിന് ഏറ്റവും വേണ്ടപ്പെട്ട വിശ്വസ്തനാണ് കുഞ്ഞനന്തന്‍. ഉന്നതര്‍ക്കു വേണ്ടിയാണ് കുഞ്ഞനന്തന്‍ ഗൂഢാലോചന നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ കേസിലെ പ്രതികളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുകയാണെന്നും രമ ആരോപിച്ചു.

നേരത്തെ കേരള പിറവിയുടെ അറുപതാം വാര്‍ഷികാഘോഷം പ്രമാണിച്ച് തടവുകാര്‍ക്ക് ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ആദ്യപട്ടികയില്‍ ടി.പി കേസിലെയും ചന്ദ്രബോസ് വധക്കേസിലെയും കാരണവര്‍ വധക്കേസിലെയും പ്രതികള്‍ ഉള്‍പ്പെട്ടത് വന്‍ വിവാദമായിരുന്നു.