തേനി കാട്ടുതീ ദുരന്തം; ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 15 ആയി

0
55

തേനി: കൊരങ്ങിണിയില്‍ കാട്ടുതീ ദുരന്തത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 15 ആയി. ട്രെക്കിങ്ങിനിടെ കാട്ടുതീയില്‍ അകപ്പെട്ട് ചികിത്സയിലായിരുന്ന തിരുപ്പൂര്‍ സ്വദേശി ശക്തികലയാണ് ഇന്ന്‌ മരിച്ചത്. 39 അംഗ ട്രെക്കിംഗ് സംഘമായിരുന്നു കാട്ടുതീയില്‍ അകപ്പെട്ടത്.

ദുരന്തത്തെപ്പറ്റി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ട്രെക്കിങ് സംഘത്തെ അനുമതിയില്ലാതെ വനമേഖലയില്‍ പ്രവേശിപ്പിച്ചതിന് തേനി റേഞ്ച് ഓഫിസര്‍ ജെയ്‌സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ അനിശ്ചിത കാലത്തേക്കും തമിഴ്‌നാട്ടില്‍ മേയ് വരെയും വനമേഖലകളില്‍ ട്രെക്കിങ് നിരോധിച്ചിട്ടുണ്ട്.

തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 200 രൂപയുടെ പാസ് നല്‍കിയാണ് വനത്തിലേക്ക് കയറ്റിവിട്ടതെന്ന് സംഘത്തിലുണ്ടായിരുന്നവര്‍ മൊഴി നല്‍കി. ട്രെക്കിങ്ങിന് നേതൃത്വം നല്‍കിയ ചെന്നൈ ട്രെക്കിങ് ക്ലബിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് കണ്ടെത്തിയതായി തേനി ജില്ലാ പൊലീസ് മേധാവി വി.ഭാസ്‌കരന്‍ പറഞ്ഞു.