പിഎന്‍ബി തട്ടിപ്പ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

0
52

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസില്‍ അന്വേഷണ പുരോഗതി ആവശ്യപ്പെടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അന്വേഷണം ഊര്‍ജിതമാണെന്നും ഈ ഘട്ടത്തില്‍ സുപ്രീംകോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. കോടതിയുടെ സമാന്തര അന്വേഷണം ഉദ്യോഗസ്ഥന്റെ ധാര്‍മികതയെ ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു.

മുദ്രവച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് എന്താണെന്ന ചീഫ് ജസ്റ്റിസ് ദിപക് മിശ്രയുടെ ചോദ്യത്തിന്, കേസുമായി ബന്ധപ്പെട്ട് നിലവില്‍ യാതൊരു ന്യായീകരണങ്ങളും നല്‍കാനില്ലെന്നും അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുണ്ടാകുന്നത് വരെ കോടതിക്ക് വിഷയത്തില്‍ ഇടപെടാനാകില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി.

പരാതിക്കാരന് അന്വേഷണ സംഘത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇത്തരത്തിലുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വജ്രവ്യാപാരി നീരവ് മോദിയും ബിസിനസ് പങ്കാളി മെഹുല്‍ ചോക്‌സിയും ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പ് 20,000 കോടി കവിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. പിഎന്‍ബി യില്‍ ഇവര്‍ നടത്തിയ 13,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നത്.