പി.വി അന്‍വര്‍ എംഎല്‍എ യ്‌ക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെച്ച് കളക്ടറുടെ റിപ്പോര്‍ട്ട്

0
66


കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിലെ കെട്ടിട നിര്‍മാണത്തില്‍ നിയമലംഘനം നടന്നതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിയമലംഘനങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കുന്നു.

പാര്‍ക്കിനോട് ചേര്‍ന്ന് അന്‍വറിന്റെ പേരില്‍ അനധികൃത ഭൂമിയുള്ളതായും പാര്‍ക്ക് നിര്‍മാണത്തില്‍ അംഗീകരിച്ച പ്ലാനില്‍ വ്യത്യാസമുണ്ടായതായും കളക്ടര്‍ സ്ഥിരീകരിച്ചു. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ പശ്ചിമ ഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കക്കാടംപൊയില്‍ പരിസ്ഥിതി ലോല പ്രദേശമാണ്. ഇവിടുത്തെ കുന്നുകള്‍ ഇടിച്ച് നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചതെന്നായിരുന്നു അന്‍വറിനെതിരായി ഉയര്‍ന്ന ആരോപണം.

ദുരന്ത നിവാരണസമിതി തയ്യാറാക്കിയ പട്ടിക പ്രകാരം അപകടസാധ്യത ഏറെയുള്ള സോണ്‍ ഒന്നില്‍പ്പെടുന്ന പ്രദേശത്താണ് പാര്‍ക്കുള്ളത്. ഇവിടെയാണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം കെട്ടി നിര്‍ത്തി പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് വന്‍ അപകടസാധ്യതയാണ് ഉര്‍ത്തുന്നത്. നിയമലംഘനങ്ങള്‍ പുറത്ത് വരുന്നത് വരെ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് പകല്‍സമയങ്ങളില്‍ ആളുകളെ കയറ്റാനുള്ള താല്‍ക്കാലിക അനുമതിയുടെ മറവിലാണ്.