പൊന്തന്‍പുഴ നിബിഡ വനത്തെ സര്‍ക്കാര്‍ കുറ്റിക്കാടാക്കി മാറ്റി, ഇതില്‍ ഗൂഡാലോചന വ്യക്തം: ജോസഫ് എം പുതുശ്ശേരി

0
223

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: പൊന്തന്‍ പുഴ പ്രശ്നം ഹൈക്കോടതിയില്‍ വന്നപ്പോള്‍ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്റ്റ്, കേരള ഫോറസ്റ്റ് ആക്റ്റ് എന്നീ നിയമങ്ങള്‍ വനം വകുപ്പ് ചൂണ്ടിക്കാട്ടിയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി 24 കേരളയോടു പറഞ്ഞു.

പൊന്തന്‍പുഴ നിബിഡ വനമാണ്. എന്നാല്‍ വനം വകുപ്പ് വാദിച്ചത് കുറ്റിക്കാടാണ് എന്നാണ്. നിബിഡ വനം എങ്ങിനെയാണ് കുറ്റിക്കാട് ആകുന്നത്? പുതുശ്ശേരി ചോദിക്കുന്നു. മുകളില്‍ പറഞ്ഞ രണ്ടു ആക്റ്റുകള്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഉന്നയിച്ചിരുന്നെങ്കില്‍ പൊന്തന്‍പുഴ പ്രശ്നത്തില്‍ എതിരായ ഒരു വിധി ഒരിക്കലും വരില്ലായിരുന്നു.

ഈ വനഭൂമിയുടെ ഉടമസ്ഥാവകാശം
സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാണ് എന്ന് വാദവേളയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിരുന്നില്ല. അത് ഉന്നയിക്കേണ്ടിയിരുന്നു. വിവാദമായപ്പോഴാണ് യാഥാര്‍ത്ഥ നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്. ഈ കേസ് മുന്‍പും ഹൈക്കോടതിയുടെ മുമ്പാകെ വന്നിട്ടുണ്ട്. അപ്പോള്‍ സര്‍ക്കാരിനു തിരിച്ചടിയുണ്ടായിട്ടില്ല.

നേരത്തെ പൊന്തന്‍പുഴ പ്രശ്നത്തില്‍ വിധി സര്‍ക്കാരിനു അനുകൂലമായാണ് വന്നത്. ഇത്തവണ പൊന്തന്‍പുഴ വന പ്രശ്നം കോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വസ്തുതകള്‍ കോടതിയെ ധരിപ്പിച്ചിട്ടില്ല. സ്വാഭാവികമായും വിധി സര്‍ക്കാരിനു എതിരായി. ഈ വീഴ്ച ബോധപൂര്‍വം നടത്തിയ ഒത്തുകളിയാണ്. ഈ ഒത്തുകളിക്കെതിരെയാണ് കേരളാ കോണ്‍ഗ്രസ് നിലപാട് എടുക്കുന്നത്.

നിബിഡ വനത്തെ കുറ്റിക്കാടാക്കിയുള്ള വാദം കോടതിയില്‍ വന്നപ്പോഴും സര്‍ക്കാര്‍ കയ്യും കെട്ടി നിന്നു. ഈ കാര്യത്തില്‍ വനം വകുപ്പ് മന്ത്രി കെ.രാജു അയച്ച കത്തും വീഴ്ചയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു ശ്രമമാണ്-പുതുശ്ശേരി പറഞ്ഞു.
പൊന്തന്‍പുഴയ്ക്ക് അവകാശം ഉന്നയിച്ച് ഹൈക്കോടതിയില്‍ എത്തിയവരോട് അവരുടെ കൈവശമുള്ള ഭൂമി എവിടെയാണ് എന്ന് ചോദിച്ചു നോക്കണം.

ആര്‍ക്കും ഉത്തരം കാണില്ല. അവര്‍ അവകാശപ്പെടുന്ന ഭൂമി പൊന്തന്‍പുഴയില്‍ എവിടെയാണെന്ന് അറിയാത്തവരാണ് പൊന്തന്‍പുഴ വനത്തിനു അവകാശവാദം ഉന്നയിച്ച് ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ 100 വര്‍ഷത്തിലേറെയായി ഇത് വനം തന്നെയാണ്. ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്നവര്‍ ഇവിടെ എത്തുകയോ എന്തെങ്കിലും കൃഷി നടത്തുകയോ ചെയ്തിട്ടില്ല.

പൊന്തന്‍പുഴയ്ക്ക് അവകാശവാദം ഉന്നയിക്കുന്നവര്‍ വ്യാജരേഖയാണ് കൈവശം വെച്ചിരിക്കുന്നത്. വ്യാജരേഖയാണോ ഇവരുടെ കൈവശം ഉള്ളത് എന്ന് ആദ്യം അന്വേഷിക്കണം. അപ്പോള്‍ ആധാരം ഒറിജിനല്‍ തന്നെയാണോ എന്ന് ബോധ്യപ്പെടും. പൊന്തന്‍പുഴയ്ക്ക് കൈവശാവകാശം ഉന്നയിച്ചവരുടെ കയ്യിലുള്ളത് വ്യാജരേഖയാണോ എന്ന് പരിശോധിച്ചിട്ടില്ല.

കോടതിയില്‍ എത്തിയവരുടെ കയ്യിലുള്ളത് വ്യാജരേഖയാണ് എന്ന കാര്യം വനംവകുപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിട്ടില്ല. വ്യാജരേഖയാണ് അവകാശവാദം ഉന്നയിക്കുന്നവരുടെ കയ്യില്‍ എന്ന് മനസിലാക്കിയിട്ടും അത് കോടതിയില്‍ ഉന്നയിച്ചില്ല. ഇത് കയ്യേറ്റക്കാരും വനം വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ സൂചനയാണ്.

പൊന്തന്‍പുഴയ്ക്ക് അവകാശം ഉന്നയിച്ചവര്‍ കോടതിയില്‍ ഹാജരാക്കിയത് ചെമ്പ് പട്ടയത്തിന്റെ ഫോട്ടോസ്റ്റാറ്റ് ആണ്. എവിഡന്‍സ് ആക്റ്റ് 65 പ്രകാരം ഒറിജിനലിന് മാത്രമാണ് ആധികാരികത. ഫോട്ടോസ്റ്റാറ്റിന് ഒരു വിലയും ഇല്ല. ഒറിജിനല്‍ പട്ടയം ഹാജരാക്കണം. ഒറിജിനല്‍ പട്ടയം ഹാജരാക്കിയിട്ടില്ല.

അതിനര്‍ത്ഥം ഒറിജിനല്‍ പട്ടയം കയ്യിലില്ല എന്നാണ്. ഹൈക്കോടതി വാദത്തിനിടയില്‍ വനം വകുപ്പിന്റെ അഭിഭാഷകന്‍ ഈ കാര്യം കോടതിയില്‍ അവതരിപ്പിച്ചിട്ടില്ല എന്ന് പറയുന്നതില്‍ ഗൂഡാലോചനയുണ്ട് – പുതുശ്ശേരി ആരോപിച്ചു.

അതേസമയം പൊന്തൻപുഴ വനത്തിലേയ്ക്ക്‌ ഒരു കയ്യേറ്റക്കാരനെയും കടത്തിവിടാൻ അനുവദിക്കില്ലെന്ന് വനം മന്ത്രി കെ. രാജു പറഞ്ഞു. വനമേഖലയോട് ചേർന്നുള്ള താമസക്കാർക്ക് പട്ടയം നൽകാൻ നടപടി എടുക്കും. വനത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിവാദപരമായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ വനത്തിലും ജനവാസ മേഖലകളിലും സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
പൊന്തന്‍പുഴ വിവാദമായി മാറിയ ശേഷം നാല് ദിവസം മുന്‍പ് വനം വകുപ്പ് മന്ത്രി കെ.രാജു പൊന്തന്‍പുഴ സന്ദര്‍ശിച്ചിരുന്നു.

1971ലെ സ്വകാര്യ വനം നിക്ഷിപ്തമാക്കൽ നിയമം, 2003ലെ പരിസ്ഥിതി ലോല പ്രദേശ നിയമം എന്നിവയുടെ പശ്ചാത്തലത്തിൽ പൊന്തൻപുഴ വനഭൂമി തന്നെയാണെന്ന് മന്ത്രി ഈ സന്ദര്‍ശനവേളയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാർ റിവ്യു ഹർജി നൽകിയെന്നും മന്ത്രി പറഞ്ഞു.