പ്രശസ്ത സാഹിത്യകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു

0
121

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ എം. സുകുമാരന്‍ (73) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ, ജനിതകം, ചുവന്ന ചിഹ്നങ്ങൾ, എം. സുകുമാരന്റെ കഥകൾ തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ. സംഘഗാനം, ഉണർത്തുപാട്ട് എന്നീ കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.

1943-ല്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്.  ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഷുഗർ ഫാക്ടറിയിലും ആറുമാസത്തോളം ഒരു സ്വകാര്യ വിദ്യാലയത്തിൽ അധ്യാപകനായും ജോലി ചെയ്തു. 1963 മുതൽ തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ ക്ലർക്കായിരുന്നു. 1974ൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽനിന്നും പുറത്താക്കപ്പെട്ടു.

2006ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1976-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്റെ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്ന പുസ്തകത്തിന് ലഭിച്ചു.

‘പിതൃതർപ്പണം’ 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി. ‘ജനിതക’ത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മികച്ച കഥയ്ക്കുള്ള ചലച്ചിത്ര അവാർഡ് (കേരള ഗവ.) 1981-ൽ ‘ശേഷക്രിയ’യ്ക്കും 95-ൽ ‘കഴക’ത്തിനും ലഭിച്ചു. 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ‘ചുവന്ന ചിഹ്നങ്ങൾ’ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു. മീനാക്ഷിയാണ് ഭാര്യ, മകള്‍ രജനി.