പ്രൊഫസര്‍ക്കെതിരെ ലൈംഗികാരോപണങ്ങളുമായി ജെഎന്‍യു വിദ്യാര്‍ത്ഥിനികള്‍

0
69

പ്രൊഫസര്‍ക്കെതിരെ ലൈംഗികാരോപണങ്ങളുമായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശലയിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. പ്രൊഫസര്‍ പരസ്യമായി തങ്ങളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്നും ഇദ്ദേഹം സാമ്പത്തിക തട്ടിപ്പും നടത്തുന്നുണ്ടെന്നും സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സ്‌ (എസ്എല്‍എസ്) വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. കാമ്പസില്‍ നടത്തിയ വാര്‍ത്താ
സമ്മേളനത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ പ്രൊഫസര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

പ്രൊഫസര്‍ പരസ്യമായി തന്നെ തങ്ങളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നുവെന്നാണ് എസ്എല്‍എസിലെ വിദ്യാര്‍ത്ഥിനികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഈ അധ്യാപകന്‍ ലൈംഗിക ചുവയോടെ വിദ്യാര്‍ത്ഥിനികളെ ആക്ഷേപിക്കുന്നെന്നും പരാതിയുണ്ട്. എതിര്‍ത്തു നില്‍ക്കുന്നവരോട് പകയോടെ പെരുമാറുകയാണ് ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

സര്‍വകലാശാല അഡ്മിനിസ്‌ട്രേഷനും ഈ പ്രൊഫസറും കൂടി ചേര്‍ന്ന് സാമ്പത്തിക തിരിമറി നടത്തുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥിനികളുടെ മറ്റൊരു ആരോപണം.
വര്‍ഷങ്ങളായി ലാബിലേയ്ക്ക്‌ ആവശ്യമായ യാതൊരു സാമഗ്രികളും വാങ്ങുന്നില്ലെന്നിരിക്കെ തന്നെ ഇതിന്റെ പേരില്‍ കോടികള്‍ ചെലവിട്ടെന്നാണ് ഇവര്‍ പറയുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ഥിരമായി ഹാജര്‍ മുടക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയതിന്റെ വൈരാഗ്യമാണ് തനിക്കെതിരെയുള്ള ആരോപണത്തിന് കാരണമെന്ന്‌ പ്രൊഫസര്‍ പിടിഐയോടു പ്രതികരിച്ചു.

ലാബില്‍ സ്ഥിരമായി വരാതിരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഫെബ്രുവരി 27ന് ഈമെയില്‍ അയച്ചിരുന്നു. ഇതിന്റെ പേരിലാണ് ആ കുട്ടികള്‍ ഇപ്പോള്‍ തന്നെ ഇരയാക്കുന്നതെന്ന് പ്രൊഫസര്‍ പറയുന്നു. താന്‍ അയച്ചതായി പറഞ്ഞ ഈമെയിലിന്റെ കോപ്പി പ്രൊഫസര്‍ പിടിഐക്ക് കൈമാറിയിട്ടുണ്ട്.