ഫാറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം: വിദ്യാര്‍ത്ഥി യൂണിയനെ മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് വിളിച്ചു

0
56

കോഴിക്കോട്: ഫാറൂഖ് കോളേജില്‍ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് സമരത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥി യൂണിനുകളെ മാനേജ്മെന്റ് ചര്‍ച്ചയ്ക്ക് വിളിച്ചു. സംഭവത്തില്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ കോളേജില്‍ സമരം തുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്നാണ് യൂണിയന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.

വിദ്യാര്‍ഥികളെ തല്ലിച്ചതച്ച അധ്യാപക-അനധ്യാപകരെ പുറത്താക്കുക, വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക. കോളേജിലെ അച്ചടക്ക സമിതി പിരിച്ചുവിട്ട് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ കുത്തിയിരുന്നായിരുന്നു സമരം നടത്തിയിരുന്നത്. ഇന്ന് പരീക്ഷയുള്ള ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കെടുത്തിരുന്നു.

ഇന്നലെയാണ് ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷം സംഘര്‍ഷത്തില്‍ കലാശിച്ചത്. അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷബാദിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു.