മദ്യം ടെട്രാപാക്കിങ്ങിലേക്ക് മാറും

0
84

മദ്യം ഇനി ടെട്രാപാക്കിങ്ങിലേക്ക് മാറുന്നു. പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കണമെന്ന കരട് മദ്യനയത്തിലെ നിര്‍ദേശമാണ് ടെട്രാപാക്കുകള്‍ക്ക് വഴിയൊരുക്കുന്നത്. പാരിസ്ഥിതികപ്രശ്നം കണക്കിലെടുത്താണ് പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കി ടെട്രാപാക്കിങ്ങിലേക്ക് മാറുന്നത്.

നിലവില്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തില്‍ 75 ശതമാനവും പ്ലാസ്റ്റിക് കുപ്പികളിലാണ്. ചില്ലിന് വിലകൂടിയതിനാല്‍ പഴയപോലെ ചില്ലുകുപ്പികളിലേക്ക് തിരിച്ചുപോകുക ബുദ്ധിമുട്ടാണ്. 2010-ല്‍ ഒരു കിലോ ചില്ലിന് 21 രൂപയായിരുന്നത് ഇപ്പോള്‍ 38 രൂപയാണ്. ഈ വിലവര്‍ധന താങ്ങാനാകില്ലെന്ന നിലപാടിലാണ് മദ്യ കമ്പനികള്‍.

വന്‍കിട കമ്പനികള്‍ ടെട്രാപാക്കില്‍ മദ്യം നിറച്ചുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ ജനുവരിയില്‍ കമ്പനി പ്രതിനിധികളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. കട്ടിയുള്ള കാര്‍ഡ്ബോര്‍ഡുകൊണ്ട് നിര്‍മിക്കുന്ന ചെറിയ പെട്ടികളാണ് ടെട്രാപാക്കുകള്‍. പാല്‍പോലുള്ള ഭക്ഷണവസ്തുക്കള്‍ കൂടുതല്‍ക്കാലം ചീത്തയാവാതിരിക്കാന്‍ നിലവില്‍ പല കമ്പനികളും ടെട്രാപാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്.
അതേസമയം എല്ലാ കമ്പനികള്‍ക്കും ടെട്രാപാക്കിങ് സൗകര്യമില്ല. ഭാരക്കുറവുണ്ടെങ്കിലും ഇവയുടെ ഉപയോഗം സംബന്ധിച്ച്‌ അന്തിമതീരുമാനം എടുത്തിട്ടില്ല. എല്ലാ പ്രായോഗികവശങ്ങളും പരിഗണിച്ചശേഷമേ ടെട്രാപാക്കുകളിലേക്ക് നീങ്ങാനിടയുള്ളൂ. കര്‍ണാടകം, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ടെട്രാപാക്ക് പ്രചാരണത്തിലുണ്ട്. എന്നാല്‍, തമിഴ്നാട്ടില്‍ ടെട്രാപാക്ക് കൊണ്ടുവരാനുള്ള തീരുമാനം പരിഗണിച്ചെങ്കിലും നടപ്പാക്കിയില്ല.