യുപിഎ വീണ്ടും അധികാരത്തില്‍ വരും, യുപി, ബീഹാര്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന്റെ സൂചന: കെ.വേണു

0
772

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ രാഷ്ട്രീയ മാറ്റം ദൃശ്യമാകും. 2004 ലെ രാഷ്ട്രീയ അവസ്ഥയിലേയ്ക്ക്‌ ഇന്ത്യ തിരിച്ചുപോകും. വരാന്‍ പോകുന്നത് യുപിഎയുടെ യുഗമാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി ഇന്ത്യയില്‍ യുപിഎ വീണ്ടും അധികാരത്തില്‍ വരും. പ്രമുഖ രാഷ്ട്രീയ ചിന്തകനായ കെ.വേണു യുപി, ബീഹാര്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി 24 കേരളയോടു സംസാരിച്ചു. കെ.വേണുവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദൃശ്യമായ മോദി മാജിക് അവസാനിക്കുകയാണോ?

മോദി മാജിക്കിന് അവസാനമാവുകയാണ്.  എന്റെ ശ്രദ്ധയില്‍ ഉള്ള വിഷയമാണത്. ഇനി വരാന്‍ പോകുന്ന മൂന്നു സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം ദൃശ്യമാകും. വന്‍തോതില്‍ കോണ്‍ഗ്രസ് ജയിച്ചു കയറാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളാണിത്. നിലവിലെ സ്ഥിതിഗതികള്‍ പ്രകാരം രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും.

യുപിയുടെ കാര്യത്തില്‍ എനിക്ക് സംശയം നിലനിന്നിരുന്നു. പക്ഷെ ഇപ്പോള്‍ ചിത്രം വ്യക്തമായി. കാരണം അവിടെ മായാവതി-അഖിലേഷ് യാദവ് യോജിച്ച് നില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു.

പക്ഷെ യുപിയില്‍ ഈ രണ്ടു പാര്‍ട്ടികള്‍ തമ്മില്‍ യോജിച്ചപ്പോള്‍ നേട്ടമുണ്ടായി. ബീഹാറിലും സംശയം നിലനിന്നു. പക്ഷെ അവിടെ നിതീഷ് കുമാറിന് ഒപ്പം നിന്നിട്ട് പോലും ബിജെപിയ്ക്ക് തിരിച്ചടി ലഭിച്ചു. നിതീഷ് പോയപ്പോള്‍ ലാലുപ്രസാദ് യാദവിന് ഇങ്ങിനെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നു പ്രതീക്ഷിച്ചില്ല. നിതീഷ് കുമാറിന്റെ അവസരവാദ രാഷ്ട്രീയം ജനങ്ങള്‍ തള്ളിക്കളഞ്ഞതായാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

ഗുജറാത്ത് തിരഞ്ഞെടുപ്പ് മോദി മാജിക് അവസാനിക്കുന്നതായുള്ള സൂചനകള്‍ നല്‍കിയോ?

ഗുജറാത്ത് ഗ്രാമങ്ങളില്‍ മോദി തലകുത്തി നിന്ന് നോക്കി. പക്ഷെ ഗ്രാമങ്ങളെ ഇളക്കി മറിക്കാന്‍ മോദിക്ക് സാധിച്ചില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മോദി ഗുജറാത്തി വികാരമാണ് ഇളക്കിവിട്ടത്. താന്‍ ഗുജറാത്തി പ്രധാനമന്ത്രിയാണ് എന്നാണ് മോദി പറഞ്ഞത്.

പക്ഷെ ഗുജറാത്തിലെ കര്‍ഷകര്‍ മോദിയെ പൂര്‍ണമായും അവഗണിച്ചു. ഗുജറാത്തില്‍ കഴിഞ്ഞ തവണ ഗ്രാമങ്ങളില്‍ ലഭിച്ച സീറ്റുകളെക്കാള്‍ ഇരട്ടി സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ഗുജറാത്തിലെ പട്ടണ പ്രദേശങ്ങളില്‍ ആണ് മോദിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. അതും ജിഎസ്ടി ഇളവുകള്‍ നല്‍കിയിട്ട്.

പക്ഷെ ഗ്രാമങ്ങള്‍ മോദിയെ കൈവിട്ടു. ഗുജറാത്തിലെ കച്ചവടക്കാരെ സ്വാധീനിക്കാന്‍ മോദിക്ക് കഴിഞ്ഞതുകൊണ്ട് മാത്രമാണ് കഷ്ടിച്ച്‌ രക്ഷപ്പെട്ടത്. അതുകൊണ്ടാണ്‌ എന്നീ മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കും എന്ന് പറഞ്ഞത്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അധികാരം നഷ്ടമാകുമോ?

ആ ആ രീതിയിലേയ്ക്കാണ്‌ ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം നീങ്ങുന്നത്. നഗരങ്ങള്‍ മോദിയെ പിന്തുണയ്ക്കുന്നു. പക്ഷെ ഗ്രാമങ്ങള്‍, പ്രത്യേകിച്ചും കര്‍ഷകര്‍ മോദിയെ കൈവിടുന്നു. പിന്നെ രാഹുല്‍ ഗാന്ധിയെ കൂടി കണക്കിലെടുക്കേണ്ടത്. പ്രതിപക്ഷത്തെ നയിക്കാന്‍ കഴിയുന്ന നേതൃപാടവം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയില്‍ ദൃശ്യമാണ്.

മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ചെവി കൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അത് സൂചിപ്പിക്കുന്നത് രാഹുലിന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ്. അധികാരം പിടിച്ചുപറ്റാന്‍ കഴിയുന്ന ഒരു വാശി രാഹുലില്‍ ദൃശ്യമല്ല. രാഷ്ട്രീയ നേതാക്കള്‍ ഏതു വിധേനേയും അധികാരം പിടിച്ചുപറ്റാന്‍ കഴിവുള്ള ശ്രേണിയില്‍പ്പെട്ടവരാണ്. ഈ കഴിവ് രാഹുലില്‍ പ്രകടമല്ലായിരുന്നു. പക്ഷെ രാഹുല്‍ ഇപ്പോള്‍ മാറിയിരിക്കുന്നു.

നേതൃത്വബോധം രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഉത്തരവാദിത്തം തിരിച്ചറിഞ്ഞു ഏറ്റെടുക്കുന്ന നിലയിലേക്കാണ് രാഹുല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഗുജറാത്തിലെ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ വളരെ ശക്തമായിരുന്നു. മോദിയുടെ അക്രമ രാഷ്ട്രീയത്തിനു പകരമായി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം രാഹുല്‍ അവിടെ അവതരിപ്പിച്ചു. അതിനു ജനങ്ങളുടെ അംഗീകാരം കിട്ടി. മോദിയുടെ എതിര്‍സ്ഥാനത്ത്‌ ഇപ്പോള്‍ ജനങ്ങള്‍ രാഹുലിനെ പ്രതിഷ്ഠിച്ചു തുടങ്ങിയിട്ടുണ്ട്.

തമ്മിലടിച്ചു കൊണ്ടിരുന്ന ഒരു പ്രതിപക്ഷ നിരയാണ് ഉണ്ടായിരുന്നത്? അതില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. ഒറ്റക്കെട്ടായ പ്രതിപക്ഷം അത് യാഥാര്‍ത്ഥ്യമാകുമോ?

പ്രതിപക്ഷ നേതൃനിരയില്‍ പ്രധാന സ്ഥാനം കോണ്‍ഗ്രസിനാണ്. കാരണം ഒരു ദേശീയ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഇന്നു കോണ്‍ഗ്രസിനെ തള്ളിപ്പറയുന്ന ആളുകള്‍ മുഴുവന്‍ തിരിച്ചുപറയും.

യുപിയില്‍ കോണ്‍ഗ്രസിന് അടിത്തറ നഷ്ടമായിട്ടുണ്ട്. അവിടുത്തെ ജാതി രാഷ്ട്രീയം കാരണം. പക്ഷെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്തിലെ ഒരു ഭാഗം, മഹാരാഷ്ട്ര, കര്‍ണാടക ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസാണ് ഭരണത്തില്‍ വരാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു പ്രതിപക്ഷ ഐക്യനിര ഇവിടങ്ങളിലെല്ലാം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. വേറെ മാര്‍ഗമില്ല.

മറ്റുള്ള പ്രതിപക്ഷ കക്ഷികള്‍ക്കൊന്നും പ്രതിപക്ഷത്തെ നയിക്കാനുള്ള പ്രാപ്തിയില്ല. എസ്പിയും ബിഎസ്പിയും യുപിയില്‍ മാത്രമാണുള്ളത്. ആര്‍ജെഡി ബീഹാറില്‍ മാത്രമാണ്. ഇങ്ങിനെ പല കക്ഷികളും അതാത് സംസ്ഥാനങ്ങളില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു പ്രതിപക്ഷ നിരയാണ് നിലവില്‍ വരിക.

പ്രതിപക്ഷ നേതൃനിര വന്നാല്‍ വീണ്ടും യുപിഎ അധികാരത്തില്‍ വരുമോ?

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ 2004 ലെ അവസ്ഥ സംജാതമാകും. യുപിഎ ഭരണത്തിനു ഇന്ത്യയില്‍ വീണ്ടും അരങ്ങൊരുങ്ങും. പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വരും. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അധികാരം നഷ്ടപ്പെടും.

കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മറ്റ് കക്ഷികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. 2004-ല്‍ യുപിഎ ഇങ്ങിനെയാണ് അധികാരത്തില്‍ വന്നത്. യുപിയില്‍ വന്നത് വലിയ മാറ്റമാണ്. മായാവതിയും അഖിലേഷ് യാദവും ബിജെപിയ്ക്കെതിരെ ഒന്നിക്കുക എന്ന് പറഞ്ഞാല്‍ അത് മുന്‍പ് സംഭവിക്കാന്‍ സാധ്യതയുള്ള ഒരു കാര്യമായിരുന്നില്ല. പക്ഷെ അത് സംഭവിച്ചിരിക്കുന്നു.

ഈ സഖ്യത്തിന്റെ  നേട്ടവും ബന്ധപ്പെട്ട കക്ഷികള്‍ക്ക് ലഭിച്ചിട്ടുണ്ട്. മായാവതി-മുലായം ശത്രുതയും ഇല്ലാതാകുകയാണ്. എസ്പിയും ബിഎസ്പിയും ഒന്നിച്ച് നിന്നാല്‍ യുപിയില്‍ ബിജെപിയ്ക്ക് സാധ്യതയില്ല. 20 ശതമാനം മുതല്‍ 22 ശതമാനം വരെ വോട്ടുകള്‍ ഉള്ളവരാണ് ബിഎസ്പിയും എസ്പിയും. അപ്പോള്‍ നാല്പത് ശതമാനം വോട്ടുകള്‍ ഇവര്‍ക്ക്  ആയി.

33 ശതമാനം വോട്ടുകള്‍ ബിജെപിയ്ക്ക് ഉണ്ട്. കോണ്‍ഗ്രസിന് എട്ടു ശതമാനം വോട്ടുകള്‍ വരും. അപ്പോള്‍ ബിജെപി ഒഴികെയുള്ള ഈ മൂന്നു കക്ഷികള്‍ ഒന്നിച്ച് നിന്നാല്‍ യുപിയില്‍ ബിജെപി അധികാരത്തില്‍ വരില്ല. വോട്ടിന്റെ കണക്കുകള്‍ ഇങ്ങിനെയാണ്. പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നിന്നാല്‍ ബിജെപി അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുന്ന അവസ്ഥ വരും.

മായാവതിയും മുലായവും ഒന്നിച്ച് നില്‍ക്കാത്തതായിരുന്നു യുപിയില്‍ പ്രതിപക്ഷം നേരിടുന്ന വെല്ലുവിളി. ഇപ്പോള്‍ യുപി, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര. എല്ലാം കോണ്‍ഗ്രസിന് അനുകൂലമായി, പ്രതിപക്ഷത്തിനു അനുകൂലമായി തിരിയുകയാണ്. ബിജെപി അങ്കലാപ്പില്‍ത്തന്നെയാണ്‌.