സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പേരിലുള്ളത് 130 കോടി രൂപയുടെ സമ്പാദ്യം

0
95

ലണ്ടന്‍: വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ്ങിനുള്ളത് രണ്ട് കോടി ഡോളറിന്റെ (ഏകദേശം 130 കോടി രൂപ) സമ്പാദ്യം. അധ്യാപനവും, ഗവേഷണവും, പുസ്തകമെഴുത്തും, പ്രഭാഷണവും, സിനിമ-ടെലിവിഷന്‍ പദ്ധതികളുമാണ് ഹോക്കിങ്ങിന്റെ വരുമാനമാര്‍ഗങ്ങള്‍. ഹോക്കിങ്ങിന് ഒമ്പത് കോടി ഡോളറിന്റെ സമ്പത്തുണ്ടെന്നാണ് അതിപ്രശസ്തരായ സമ്പന്നരെക്കുറിച്ചുള്ള വെബ്‌സൈറ്റുകള്‍ ഊഹിച്ചെടുത്തത്. രണ്ടാം ഭാര്യ എലേന്‍ മേസനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ ഹോക്കിങ് വന്‍തുക നഷ്ടപരിഹാരം നല്‍കിയിരുന്നു.

ആദ്യ ഭാര്യ ജെയ്ന്‍ വൈല്‍ഡില്‍ മൂന്ന് മക്കളുള്ള ഹോക്കിങ്, തന്റെ സ്വത്തിന്റെ വലിയൊരു പങ്ക് ഗവേഷണ, ജീവകാരുണ്യ സംഘടനകള്‍ക്കായി നീക്കിവച്ചിട്ടുണ്ടാകുമെന്നും കരുതുന്നു. മരുന്നുകള്‍ക്കും, ചക്രക്കസേര പോലെയുള്ള സഹായ ഉപകരണങ്ങള്‍ക്കും, പരിചരണത്തിനായി വീട്ടിലും ഓഫിസിലുമുള്ള സഹായികള്‍ക്കുമായി വലിയ തുകയാണ് ഹോക്കിങ് ചെലവഴിച്ചിരുന്നത്.

ലോകമെമ്പാടുമായി ഒരു കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പുസ്തകം ഹോക്കിങ്ങിന് വലിയ വരുമാനം നേടിക്കൊടുത്തു. കേംബ്രിജ് സര്‍വകലാശാല തിയററ്റിക്കല്‍ കോസ്‌മോളജി സെന്റര്‍ ഡയറക്ടറായി 30 ലക്ഷം ഡോളര്‍ പ്രതിഫലവും അദ്ദേഹത്തിനുണ്ടായിരുന്നു.

2012ല്‍ ഫണ്ടമെന്റല്‍ ഫിസിക്‌സ് പ്രൈസിന്റെ തുകയായി 30 ലക്ഷം ഡോളര്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. റഷ്യന്‍ ശതകോടീശ്വരന്‍ യൂറി മില്‍നറുടെ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമായിരുന്നു ഇത്.

മകള്‍ ലൂസിയുടെ ഓട്ടിസം ബാധിച്ച മകന് വേണ്ടിയും പുതിയ വീട് വാങ്ങാനും തുക ഉപയോഗിക്കുമെന്ന് ഹോക്കിങ് പറഞ്ഞിരുന്നു. ആദ്യ ഭാര്യ ജെയ്ന്‍ വൈല്‍ഡിന്റെ ഓര്‍മക്കുറിപ്പുകള്‍ ആസ്പദമാക്കിയെടുത്ത ‘ദ് തിയറി ഓഫ് എവരിതിങ്’ എന്ന സിനിമയുമായി സഹകരിച്ചതിനും അദ്ദേഹത്തിന് വന്‍തുക പ്രതിഫലം ലഭിച്ചിരുന്നു.