2019ല്‍ ബിജെപിയുടെ സീറ്റുകളുടെ എണ്ണം 110 ആയി കുറയും: ശിവസേന

0
61


മുംബൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 110 ആയി കുറയുമെന്നു ശിവസേന. ‘അഹങ്കാരവും ധാര്‍ഷ്ട്യവും’ നിറഞ്ഞ ഭരണത്തിനുള്ള മറുപടിയാണു ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചതെന്നും പാര്‍ട്ടി മുഖപത്രമായ ‘സാമ്‌ന’യുടെ മുഖപ്രസംഗത്തില്‍ പറയുന്നു. അതേസമയം പാര്‍ലമെന്റില്‍ ടിഡിപി അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നല്‍കിയ സാഹചര്യത്തില്‍ ബിജെപിക്ക് ശിവസേന പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണു സൂചന.

സുഹൃത്തുക്കളെ ഉപേക്ഷിച്ചു മുന്നോട്ടു പോകുന്നവരെയും യാത്രയ്ക്ക് നുണകളുടെ വഴി തിരഞ്ഞെടുക്കുന്നവരെയും തിരഞ്ഞെടുക്കുന്നവരെയും കാത്തിരിക്കുന്നതു നഷ്ടങ്ങള്‍ മാത്രമാണ്. അങ്ങനെ വീഴ്ച സംഭവിക്കുമ്പോള്‍ ഒരു ‘ചാണക്യനും’ ബിജെപിയെ രക്ഷിക്കാനാകില്ലെന്നും ‘സാമ്‌ന’യിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

സാംമനയിലെ മുഖപ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ചെറിയ സംസ്ഥാനമായ ത്രിപുരയില്‍ ജയിച്ചെങ്കിലും ഗോരഖ്പുരിലും ഫുല്‍പുരിലും സംഭവിച്ച തോല്‍വി ബിജെപി ക്യാംപിനെ ഞെട്ടിച്ചിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 10 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നു. അവയില്‍ ഒന്‍പതു സീറ്റിലും പാര്‍ട്ടിക്കു തോല്‍വിയായിരുന്നു. നേരത്തേ ലോക്‌സഭയില്‍ 282 ബിജെപി എംപിമാരാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് 272 ലേക്കു ചുരുങ്ങിയിരിക്കുന്നു. മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്കു തോല്‍വിയാണു ഫലം.

കഴിഞ്ഞ വര്‍ഷം 325 സീറ്റുകളാണു യുപി നിയമസഭയില്‍ ബിജെപി സ്വന്തമാക്കിയത്. 1991 മുതല്‍ യോഗി ആദിത്യനാഥിന്റെ കയ്യില്‍ നിന്നു പോകാത്ത സീറ്റായിരുന്നു ഗോരഖ്പുരിലേത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായിരുന്നിട്ടു കൂടി സീറ്റു കൈവിട്ടു പോയി. ത്രിപുരയില്‍ ഇടതുപക്ഷത്തെ തകര്‍ക്കാമെങ്കില്‍ എന്തുകൊണ്ടു ഗോരഖ്പുരില്‍ വിജയിക്കാന്‍ സാധിച്ചില്ല? ബിഹാറില്‍ രണ്ടു നിയമസഭാ സീറ്റില്‍ തോറ്റതും ബിജെപിയുടെ അടിത്തറ നഷ്ടമാകുന്നതാണു വ്യക്തമാക്കുന്നത്. ഇതോടെ ഒരുകാര്യം ഉറപ്പായി- അടുത്ത വര്‍ഷം ബിജെപിക്ക് 280 സീറ്റ് കിട്ടില്ല. 100-110 സീറ്റില്‍ ഒതുങ്ങും. മമതാ ബാനര്‍ജി പറഞ്ഞത് ഇത് ബിജെപിയുടെ പതനത്തിന്റെ തുടക്കമാണെന്നാണ്. ഇതു സത്യമാണോയെന്നറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, 2014ല്‍ പാര്‍ട്ടിക്കൊപ്പം നിന്നവരാണ് ഇപ്പോള്‍ ബിജെപിയെ വിട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്.