‘അപൂര്‍വ രോഗമാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും’; ഇര്‍ഫാന്‍ ഖാന്റെ രോഗത്തെപ്പറ്റി ഡോ.സൗമിത്ര റാവത്ത്

0
94

സിനിമാ ലോകത്തിനും ആരാധകര്‍ക്കും ഏറെ വിഷമം ഉണ്ടാക്കിയ വാര്‍ത്തയായിരുന്നു ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അപൂര്‍വരോഗത്തിന്റെ പിടിയിലായത്. ഇന്നലെ ട്വിറ്റിലൂടെ തനിക്ക് ട്യൂമറാണെന്ന് നടന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഡോ.സൗമിത്ര റാവത്ത്. ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയിലെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവന്‍ കൂടിയാണ് റാവത്ത്.

‘ഇതൊരു അപൂര്‍വ രോഗമാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ന്യൂറോ എന്റോക്രെയ്ന്‍ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയിലൂടെയാണ് ഈ ട്യൂമര്‍ രൂപപ്പെടുന്നത്. കുടല്‍, ആഗ്‌നേയഗ്രന്ഥി, ശ്വാസകോശം തുടങ്ങിയവയിലാണ് ഈ ട്യൂമര്‍ വരുന്നത്. ട്യൂമര്‍ എവിടെയാണ് രൂപപ്പെട്ടിരിക്കുന്നത്, എത്ര വലിപ്പമുണ്ട് എന്ന് മനസിലാക്കിയതിന് ശേഷം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാം. രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. രോഗിക്ക് വിദഗ്ദമായ പരിശോധനയും ചികിത്സയും ലഭ്യമാക്കുകയാണ് വേണ്ടത്’ ഡോ.സൗമിത്ര റാവത്ത് വിശദീകരിച്ചു.

‘അവിചാരിതമായ സംഭവങ്ങളാണ് നമ്മെ വളരാന്‍ സഹായിക്കുന്നത്, അതാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് മനസിലാക്കാന്‍ സാധിച്ചത്. എനിക്ക് ട്യൂമറാണെന്ന സത്യം വളരെ വിഷമത്തോടെയാണ് അംഗീകരിച്ചതെങ്കിലും ചുറ്റുമുളളവരുടെ സ്‌നേഹവും കരുതലും പ്രതീക്ഷ നല്‍കുന്നതാണ്. ചികിത്സയുടെ ഭാഗമായി ഇപ്പോള്‍ വിദേശത്താണ്. എല്ലാവരുടെയും ആശംസകള്‍ തുടര്‍ന്നുമുണ്ടാകണം. ന്യൂറോ എന്നത് തലച്ചോറിനെ മാത്രം ബാധിക്കുന്നതല്ല. കൂടുതലറിയാനായി ഗൂഗിള്‍ ചെയ്ത് നോക്കാം. എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നവരോട് ഒരുപാട് സംസാരിക്കാന്‍ ഞാന്‍ വീണ്ടും വരുന്നതാണ്’ എന്ന് ഇര്‍ഫാന്‍ ഖാന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചു.