ഒടിയന്‍ മാണിക്യനെ കാണാന്‍ നിക് ഉട്ട് എത്തി

0
64

ഒടിയന്‍ മാണിക്യനെ കാണാനും ക്യാമറയില്‍ പകര്‍ത്താനും ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് തേന്‍കുറിശ്ശിയിലേക്കെത്തി . മമ്മൂട്ടിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹം മോഹന്‍ലാലിനെ കാണാനായി പാലക്കാട് എത്തിയത്.

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂള്‍ തേന്‍കുറിശ്ശിയില്‍ വെച്ച് പുരോഗമിക്കുകയാണ്. പ്രകാശ് രാജ് ഉള്‍പ്പടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു.സംവിധായകനും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് ഗംഭീര വരവേല്‍പ്പാണ് അദ്ദേഹത്തിന് നല്‍കിയത്. ഒടിയനിലെ സംഘാംഗങ്ങള്‍ക്കൊപ്പം ഉച്ചയൂണും കഴിച്ചാണ് നിക് ഉട്ട് പോയത്. മോഹന്‍ലാലിനെ സന്ദര്‍ശിച്ചതിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.


ഇപ്പോള്‍ പാലക്കാട് നടക്കുന്ന ഷൂട്ടിംഗില്‍ 1960-1970 കാലഘട്ടമാണ് ചിത്രീകരിക്കുന്നത്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

കേരളത്തിലെത്തിയ നിക് ഉട്ടിനെ സ്വീകരിക്കാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. കൊച്ചിയില്‍ വെച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.