ചെങ്ങന്നൂരില്‍ ചരിത്രം മാറ്റിക്കുറിക്കുന്ന തിരഞ്ഞെടുപ്പ്, ബിഡിജെഎസ് വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിക്കും: ശ്രീധരന്‍ പിള്ള

0
328

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ചരിത്രം മാറ്റിക്കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്നു ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ പി.എസ്.ശ്രീധരന്‍ പിള്ള 24 കേരളയോടു പറഞ്ഞു.

ചെങ്ങന്നൂരില്‍ വളരെ അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളത്. രണ്ടു മുന്നണികള്‍ക്കും തുല്യ സാധ്യതയുള്ള ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ബിജെപി ചരിത്രം മാറ്റിക്കുറിച്ചു. 42,682 വോട്ടുകളാണ് കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ ബിജെപി നേടിയത്. ചെങ്ങന്നൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം
വോട്ടുകള്‍ ഒരു ബിജെപി സ്ഥാനാര്‍ഥി നേടുന്നത്.

കഴിഞ്ഞ തവണ ബിജെപിയ്ക്ക് ഒപ്പമുണ്ടായിരുന്ന പാര്‍ട്ടിയാണ് ബിഡിജെഎസ്. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ബിഡിജെഎസ് ഒപ്പമുണ്ട്. ബിജെപിയുമായി നിസ്സഹകരിക്കാന്‍ തീരുമാനിച്ചു എന്ന് ബിഡിജെഎസ് പറയുന്നുണ്ടെങ്കിലും ബിഡിജെഎസ് മുന്നണി വിട്ടുപോയിട്ടില്ല.

ബിഡിജെഎസിനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ബിഡിജെഎസിന്റെ പിന്തുണ ചെങ്ങന്നൂരില്‍ നഷ്ടമാകും എന്ന് കരുതുന്നില്ല. ചെങ്ങന്നൂരില്‍ തങ്ങളുടെ വോട്ട്‌ ബിജെപിയ്ക്ക് നല്‍കില്ല എന്ന് ബിഡിജെഎസ് പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-എല്‍ഡിഎഫ് ഗ്രാഫ് താഴെയായിരുന്നു. ഇതിന്റെ ഗുണഭോക്താവായി മാറാന്‍ ബിജെപിയ്ക്ക് സാധിക്കുകയും ചെയ്തു. 2011 ല്‍ ചെങ്ങന്നൂരില്‍ ബിജെപിയ്ക്ക് നാല് ശതമാനം വോട്ടാണ് ലഭിച്ചത്. 2016 ല്‍ ഈ വോട്ട് ബിജെപി 30 ശതമാനമാക്കി ഉയര്‍ത്തി.

ഈ മുപ്പത് ശതമാനത്തില്‍ ഒന്നോ രണ്ടോ ശതമാനം വോട്ട് കൂടി നേടിയാല്‍ ചെങ്ങന്നൂരില്‍ ബിജെപിയ്ക്ക് ജയിക്കാന്‍ സാധിക്കും. ഈ കണക്കു കൂട്ടലിലാണ് ബിജെപി മുന്നോട്ട് പോകുന്നത്. തികഞ്ഞ വിജയപ്രതീക്ഷയാണ് ഈ തിരഞ്ഞെടുപ്പ് കണക്കുകളുടെ ബലത്തില്‍ ബിജെപിയ്ക്ക് ഉള്ളത്.

യുഡിഎഫിനു 31 ശതമാനം വോട്ട് ലഭിക്കുമെങ്കിലും നിലവില്‍ യുഡിഎഫ് ദുര്‍ബലമാണ്. ജെഡിയു യുഡിഎഫ് മുന്നണിയോട് വിടപറഞ്ഞിരിക്കുന്നു. കേരള കോണ്‍ഗ്രസും യുഡിഎഫില്‍ ഇല്ല. ഏതാനും ആയിരം വോട്ടുകളുടെ കുറവില്‍ മാത്രമാണ് ചെങ്ങന്നൂര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നഷ്ടമായത്. പൊതുവേ മലയാളി വോട്ട് നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കൂട്ടത്തില്‍പ്പെട്ടവരല്ല. എന്നിട്ട് പോലും ചെങ്ങന്നൂര്‍ ജനത കഴിഞ്ഞ തവണ ബിജെപിയ്ക്ക് കീഴില്‍ അണിനിരന്നു.

ബിജെപിയ്ക്ക് കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ ലഭിച്ച വോട്ടുകള്‍ അതിനു തെളിവാണ്. ബിജെപി ഇന്ത്യയില്‍ പൊതുവേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ത്രിപുരയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും അതിനു തെളിവായി മാറുന്നു. ഇത്തവണ ന്യൂനപക്ഷങ്ങളുടെ വോട്ടു കൂടി ചെങ്ങന്നൂരില്‍ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാരിനോടുള്ള ഒരനുഭാവം ചെങ്ങന്നൂരിലെ ജനങ്ങള്‍ക്കുണ്ട്. ഇടത് സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ ഉള്‍പ്പടെ പല നയങ്ങളിലും ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ഈ സര്‍ക്കാര്‍ സമസ്ത മേഖലയിലും പരാജയമാണ് എന്ന കാര്യം തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇതെല്ലാം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും-ശ്രീധരന്‍ പിള്ള പറഞ്ഞു.