‘തന്റെ ശരീരത്തില്‍ നിന്ന് ഊര്‍ന്നിറങ്ങി പോയതിനെ അവള്‍ അവിടെ തന്നെ ഒരു കുഴിയിട്ടു മൂടി’

0
560

ഷാലറ്റ് ജിമ്മി

സേലത്തെ കുപ്പന്നൂര്‍ എന്ന ചെറിയൊരു ഗ്രാമം.

അവിടെ പെണ്‍ഭ്രൂണഹത്യ , ബാലവേല , ശൈശവ വിവാഹം, തൊട്ടുകൂടായ്മ എന്ന് വേണ്ട സകലമാന ദുരാചാരങ്ങളും ഇന്നും അതിന്റെ എല്ലാ ദൂഷ്യഫലങ്ങളോട് കൂടി നിലനില്‍ക്കുന്നു.

പുതിയതായി ചേര്‍ന്ന എന്‍ജിഒ യില്‍ അവരുടെ പ്രോജെക്ടസിനെ കുറിച്ചറിയുന്നതിനുള്ള സന്ദര്ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഞാനടങ്ങുന്ന ഒരു നാല്‍വര്‍ സംഘം ആ ഗ്രാമത്തില്‍ എത്തിയത്.

ഏകദേശം ഒരു അഞ്ചരയായി കാണും. ജോലിക്കു പോയവരൊക്കെ തിരികെ എത്തിത്തുടങ്ങിയിരുന്നു. പതുക്കെ ഞങ്ങള്‍ ഓരോരുത്തരെയുമായി പരിചയപ്പെടാന്‍ തുടങ്ങി.

കണിയമ്മാളുടെ കഥയില്‍ നിന്ന് തന്നെ തുടങ്ങാം . അവള്‍ക്കു വയസ്സ് 28. അതിനിടയില്‍ പത്തു പ്രസവിച്ചു. സ്വമനസാലെ അല്ലെങ്കിലും, അതില്‍ നാലെണ്ണം അലസിപ്പിച്ചു. പെണ്‍കുഞ്ഞാകുമെന്നു ഒരു ജ്യോത്സ്യന്‍ ഗണിച്ചു പറഞ്ഞത്രെ.

ചോരയുടെ ഒരു കണിക പോലുമില്ലാത്തത്ര ശുഷ്‌കമായിരുന്നു അവളുടെ ദേഹം. ഒരിക്കല്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങി കഴിച്ചു. എന്നിട്ടും, പിറ്റേദിവസം പ്രസവവേദനയോട് സമാനമായ വേദന കടിച്ചമര്‍ത്തി അവള്‍ക്കു പാടത്തു പണിയെടുക്കാന്‍ പോകേണ്ടതായി വന്നു. ഇല്ലെങ്കില്‍ അവളുടെ ആറു കുഞ്ഞുങ്ങള്‍ പട്ടിണിയിലാകും. ഭര്‍ത്താവിന് കിട്ടുന്ന കൂലി കൊണ്ട് മാത്രം ഒന്നുമാകുമായിരുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ കലശലായ മൂത്രശങ്ക. അവള്‍ എല്ലാവരുടെയും കണ്‍വെട്ടത്തു നിന്ന് മാറി പാടത്തിന്റെ ഒരു കോണില്‍ പോയി ഇരുന്നതും, അവളുടെ ഗര്‍ഭം അലസിപ്പോയതും ഒരുമിച്ചായിരുന്നു. അവള്‍ക്കു ചിന്തിച്ചു നില്‍ക്കാന്‍ അധികം സമയമുണ്ടായിരുന്നില്ല.
തന്റെ ശരീരത്തില്‍ നിന്ന് ഊര്‍ന്നിറങ്ങി പോയതിനെ അവള്‍ അവിടെ തന്നെ ഒരു കുഴിയിട്ടു മൂടി.

അവളെ പഴി ചാരാന്‍ വരട്ടെ.

ഒരു സമയത്തു, ആ ഗ്രാമത്തില്‍ ഒരമ്മ പോലുമുണ്ടായിരുന്നില്ല ഈ കടുംകൈ ചെയ്യാത്തതായിട്ടു. ഏകദേശം 105 ലിംഗ നിര്‍ണ്ണയ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമായി ആ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഗണിച്ചു പറയുന്ന കുറെ ജോതിഷന്മാരും.

താന്‍ ചെയ്തത് ക്രൂരതയാണോ അല്ലയോ എന്നുള്ള ചിന്ത അവള്‍ക്കുണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ ദിവസങ്ങളായി അവളുടെ വീട്ടില്‍ അടുപ്പു പൂട്ടിയിട്ടില്ലെന്നു മാത്രം ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ മനസിലായി.

എന്നാല്‍ കുസുമത്തിനു താന്‍ ചെയ്തതിന്റെ വ്യാപ്തി മനസ്സിലായിരുന്നു. ചോദിച്ചപ്പോള്‍ ഉള്ളില്‍ നിന്ന് വന്ന ഒരു നിലവിളി മാത്രമായിരുന്നു ഉത്തരം. ഇനി തന്റെ ഒരു കുഞ്ഞിനേയും ബലി കൊടുക്കില്ല എന്ന ദൃഢനിശ്ചയം ഉണ്ടായിരുന്നു പക്ഷെ ആ മുഖത്ത്. അവള്‍ക്കു പ്രായം വെറും 20.

ഇതിനിടയില്‍ മങ്കമ്മ ആരെന്നു പറഞ്ഞു കൊള്ളട്ടെ.

ജീവിതകാലം മുഴുവനും ആ ഗ്രാമത്തിലെ ഒരു ധനികന് വേണ്ടി, വെറും തുച്ഛ ശമ്പളത്തിന് കരാറുകാരനായി ജോലി ചെയ്തിരുന്ന ഒരു സാധു മനുഷ്യന്റെ മകള്‍.

പതിനൊന്നു വയസ്സില്‍ വധുവായ മങ്കമ്മ വൈകാതെ തന്നെ അമ്മയും ആയി. എന്നാല്‍ അവളും തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ അലസിപ്പിച്ചു കളഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനുള്ള ഗുളിക വാങ്ങിക്കാനുള്ള നൂറു ഉറുപ്പിക തരപ്പെടാത്തതിനാല്‍ ഒരു വയറ്റാട്ടിയുടെ സഹായം തേടേണ്ടി വന്നു.

അതിനെക്കുറിച്ച് പറയാതിരിക്കുകയാവും ഭേദം.

ആര്‍ക്കാ പൂവ് ഉണ്ടാകുന്ന ചെടിയുടെ തണ്ടു വെട്ടി അതില്‍ നിന്നിറ്റു വീഴുന്ന പാലോട് കൂടി സ്ത്രീയുടെ ഗുഹ്യ ഭാഗത്തില്‍ കയറ്റിവയ്ക്കുന്നു. കുറച്ചു കഴിഞ്ഞോ, പിറ്റേ ദിവസമോ ആ തണ്ടോടു കൂടി ഭ്രൂണം പുറത്തു വരുന്നു. ഇത്തരത്തിലുള്ള ഗര്‍ഭമലസിപ്പിക്കല്‍ കാരണം സ്വന്തം ഗര്‍ഭപാത്രം വരെ നഷ്ടപ്പെട്ട ഒത്തിരി പേരുണ്ട്.

എന്നാല്‍ തനിക്കു വന്ന ഈ വിപത്തു ഒരു വിധിയാണെന്ന് കരുതി സമാധാനിക്കാന്‍ മങ്കമ്മ തയ്യാറായിരുന്നില്ല. അവള്‍ നഖശിഖാന്തം മേല്പറഞ്ഞ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതി. ആ പോരാട്ടം വര്ഷങ്ങള്ക്കു ശേഷം അവളെ ഒരു ചെറിയ എന്‍ജിഒ രൂപീകരിക്കുന്നതില്‍ കൊണ്ട് ചെന്നെത്തിച്ചു . അവരുടെ ശ്രമഫലമായി ഒരുപാട് സ്ത്രീകള്‍ തങ്ങളുടെ നിലനില്‍പ്പിനു വേണ്ടി ഇന്ന് പൊരുതുകയാണ്.

മങ്കമ്മയാണ് ഞങ്ങള്‍ക്ക് എല്ലാവരെയും പരിചയപ്പെടുത്തിതന്നിരുന്നത്.

ഒരുപാട് പേര് ആ സമയം ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ എപ്പോഴാണ് മീന എന്ന ഒരു ചെറിയ പെണ്‍കുട്ടി എന്റെ കൈ പിടിച്ചു നടക്കാന്‍ തുടങ്ങിയതെന്നെനിക്കറിയില്ല.

ഒരു പത്തു പതിനൊന്നു വയസ്സ് കാണും അവള്‍ക്ക് . രണ്ടു വശത്തായി മുടി മെടഞ്ഞു ഒരു ചുവപ്പു റിബ്ബണ്‍ കൊണ്ട് മടക്കി കെട്ടിയിട്ടുണ്ട്. ഒരു നിറം മങ്ങിയ ഷിമ്മിയാണ് വേഷം. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമായിരുന്നു അവള്‍ക്ക്. കൂടാതെ വിടര്‍ന്ന പുഞ്ചിരിയും.

അവള്‍ മുറുക്കി പിടിച്ചിരുന്ന എന്റെ കൈ വിയര്‍ത്തൊലിക്കുന്നുണ്ടായിരുന്നു . അത് കൊണ്ട്, ഞാന്‍ കൈ വിടുവിച്ചേക്കുമോ എന്ന് ഭയന്നിട്ടാകണം അവള്‍ ഇടയ്ക്കിടക്കെ അവളുടെ ഷിമ്മി കൊണ്ട് എന്റെ കയ്യിലെ വിയര്‍പ്പു ഒപ്പി കൊണ്ടേ ഇരുന്നു.

വഴി നീളം അവള്‍ എന്നെ മാഡം എന്ന് മാത്രമാണ് വിളിച്ചോണ്ടിരുന്നത്.

ഞാന്‍ അത്രയ്ക്ക് പെട്ടെന്നൊന്നും അവളുടെ കൈ വിട്ടുകളയില്ല എന്ന് മനസിലായത് കൊണ്ടാവുമോ കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് പതിയെ ചോദിച്ചു

‘ നാന്‍ ഉങ്കളെ അക്കാന്നു കൂപ്പിടലാമ ,’

ഇത് കേട്ടതും ചെറുതായി എന്റെ കണ്ണില്‍ നനവ് പടര്‍ന്നു.

‘കൂപ്പിടലാമേ ,’ എന്ന് പറഞ്ഞതും അവളുടെ വിടര്‍ന്ന കണ്ണുകളില്‍ പത്തരമാറ്റിന്റെ തിളക്കം.

ആ ഗ്രാമത്തിലെ മിക്കവാറും ആളുകള്‍ നിത്യവൃത്തിക്കായി തോട്ടിവേലയാണ് ചെയ്തിരുന്നത് . എന്നാല്‍ ചിലര് സാമ്പത്തികമായി ഉയര്‍ന്ന വിഭാഗക്കാരുടെ കരാര് ജോലിക്കാരായി ( Bonded Labourers ) ജീവിച്ചു മരിക്കുന്നു. വെറും മുന്നൂറു രൂപ മാസശമ്പളമാണ് അവര്‍ക്കു ഇപ്പോള്‍ കൊടുക്കുന്നത്.

അപ്പോഴാണ് മങ്കമ്മ ഞങ്ങളെ വെറും 32 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ പരിചയപ്പെടുത്തി തരുന്നത്. അവള്‍ ഒരു അമ്മുമ്മയാണ്. പതിനാലു വയസ്സ് പ്രായമുള്ള അവരുടെ മകള്‍ ഒരമ്മയും.

‘ എല്ലാ ശരിയാകുമോ,’ ആ ‘അമ്മ ഒരു നിസ്സഹായതയോടു കൂടി എന്നോട് ചോദിച്ചു.മനസ്സില്‍ നിന്ന് ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു വന്നെങ്കിലും ഞാന്‍ പ്രതികരിച്ചത്, ‘ എല്ലാം ശരിയാകും’ എന്നായിരുന്നു.

പല പത്രങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്നും മേല്പറഞ്ഞ സ്ഥിതിക്ക് മാറ്റമൊന്നുമില്ല.

തിരിച്ചു പോകാന്‍ നേരത്തു ഞാന്‍ മീനയുടെ കൈകള്‍ പതുക്കെ വിടുവിച്ചു. ആ കണ്ണിലെ തിളക്കം ഒന്ന് മങ്ങിയോ എന്ന് സംശയം . എങ്കിലും ആ വിടര്‍ന്ന പുഞ്ചിരി അങ്ങനെ തന്നെ ഉണ്ടായിരുന്നു.

ഭാവിയില്‍ അവള്‍ക്കു നേരിടേണ്ടി വരുന്ന ഒന്നിനെ കുറിച്ചും അന്ന് അവള്‍ ബോധവതിയായിരുന്നില്ല. ആ നിമിഷത്തില്‍ ജീവിക്കുകയായിരുന്നു അവള്‍.

നാളെ ഒരുപക്ഷെ അവളും ഒരു ബാലവധു ആകാം, ബാലവേല ചെയ്യേണ്ടി വന്നേക്കാം, ഇല്ലെങ്കില്‍ ….ഇല്ല, ഇനി ഞാന്‍ കൂടുതലൊന്നും ആലോചിക്കുന്നില്ല. അങ്ങനെ ആവരുതേ എന്ന് ഉള്ളില്‍ തട്ടി ആഗ്രഹിക്കുന്നു.

മീന …നീയെന്നും എന്റെ പ്രാര്‍ത്ഥനകളില്‍ ഉണ്ടായിരിക്കും

(പേരുകളെല്ലാം മാറ്റി ഉപയോഗിച്ചിരിക്കുന്നു)

(ഫെയ്‌സ് ബുക്കില്‍ എഴുതിയത്)