നിഷ ജോസിനെതിരെ ഡിജിപിക്ക് ഷോണ്‍ ജോര്‍ജിന്റെ പരാതി

0
84

തിരുവനന്തപുരം: പുസ്തകത്തിലൂടെ ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസ് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് രംഗത്ത്. സംഭവത്തില്‍ ഷോണ്‍ ജോര്‍ജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്കി. ആരാണ് കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന്‌ വെളിപ്പെടുത്തണമെന്നും അത് താനാണോ എന്ന് തുറന്നു പറയണമെന്നുമാണ് ഷോണ്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ താന്‍ ട്രെയിന്‍ യാത്ര നടത്തിയത് കോഴിക്കോട്ട് നിന്ന് കോട്ടയത്തേക്കാണെന്നും അന്നു മൂന്ന് സിപിഎം നേതാക്കള്‍
തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ഷോണ്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ അപമാനിക്കാന്‍ നടക്കുന്ന ശ്രമത്തിനെതിരെ കോടതിയില്‍ പരാതി നല്‍കുമെന്നും അദേഹം അറിയിച്ചു.

നിഷ ജോസ് എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് പീഡനശ്രമത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിമാക്കാന്‍ ശ്രമിച്ചുവെന്നാണ് നിഷ തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനശ്രമമുണ്ടായെന്നാണു നിഷ വിവരിച്ചത്.

എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരെന്ന ചോദ്യമുയര്‍ന്നപ്പോള്‍ തന്നെ അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന് നിഷ ജോസ് പറഞ്ഞിരുന്നു. വിവാദത്തിനില്ല, പക്ഷെ ഇത്തരക്കാര്‍ സമൂഹത്തിലുണ്ടെന്ന് എല്ലാവരും അറിയണമെന്നും നിഷ വ്യക്തമാക്കിയിരുന്നു. ഇതേസമയം ഷോണ്‍ ജോര്‍ജിന്റെ ഭാര്യ നിഷക്കെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. പുസ്തകം വിറ്റുപോകാന്‍ ആരെങ്കിലും പീഡിപ്പിച്ചു എന്ന് പറയണോയെന്ന് പാര്‍വതി പരിഹസിച്ചു. അങ്ങനെയാണെങ്കില്‍ ഷാരൂഖ് ഖാന്‍ ഞോണ്ടിയെന്നോ, ടോം ക്രൂയിസ് കയറി പിടിച്ചു എന്നോ പറയാമെന്ന് പാര്‍വതി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പരിഹസിച്ചിരുന്നു.