പച്ചക്കര കോമ്പിനേഷന്‍ വൈറലാകുന്നു; ചിത്രങ്ങള്‍ കാണാം…

0
859

 

ഗ്രീഷ്മ.ജി.നായര്‍

ചടങ്ങുകളിലായാലും കോളേജ് പരിപാടികളിലായാലും പെണ്‍കുട്ടികളുടെ ഇപ്പോഴത്തെ ട്രെന്‍ഡ് കസവു സാരിയ്‌ക്കൊപ്പം കടും പച്ച നിറമുള്ള ബ്ലൗസാണ്. പച്ചക്കരയുള്ള കസവു സാരിയോടും കടും പച്ച നിറമുള്ള ബ്ലൗസിനോടുമുള്ള പ്രേമം ഇങ്ങനെ പച്ച പിടിച്ച് നില്‍ക്കുകയാണ്.
ഈ പച്ച പ്രേമത്തിന് ആദ്യം കൊടിനാട്ടിയത് മലയാളസിനിമയുടെ ശാലീന സുന്ദരി കാവ്യാ മാധവനാണ്.

പച്ചക്കരയുള്ള സാരിയും കടും പച്ച നിറത്തിലുള്ള ബ്ലൗസും വൈറലാകുന്നതും കാവ്യാമാധവന്റെ വിവാഹത്തോടെയാണ്. 2016 നവംബറില്‍ ദിലീപ്-കാവ്യാ വിവാഹം നടന്നപ്പോള്‍ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ കാവ്യയുടെ വിവാഹവേഷത്തിലായിരുന്നു. ഫാഷന്‍ രംഗത്ത് സെലിബ്രേറ്റികളുടെ വിവാഹം വേഷങ്ങള്‍ ക്ലിക്ക് ആകുന്നത് പതിവ് കാഴ്ചയാണ്. അതുപോലെ കാവ്യയുടെ ഈ സിമ്പിള്‍ കോമ്പിനേഷന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്.
മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച സുരഭി ലക്ഷ്മിയും അവാര്‍ഡ് വേളയില്‍ തിളങ്ങിയത് ഇതേ കോമ്പിനേഷനിലാണ്. ഇപ്പോള്‍ പച്ചപിടിച്ച് നില്‍ക്കുന്നത് യുവനടന്‍ നീരജ് മാധവന്റെ പ്രതിശ്രുതവധുവാണ്. നീരജിന്റെ വിവാഹനിശ്ചയത്തിന് വധുവിന്റെ വേഷവും കസവുസാരിയും കടും പച്ച ബ്ലൗസുമായിരുന്നു.

കളര്‍ കോമ്പിനേഷന്‍ ഒന്നാണെങ്കിലും ബ്ലൗസിന്റെ കൈയ്യിലും കഴുത്ത് ഭാഗത്തും താരങ്ങള്‍ വ്യത്യസ്ത രീതിയിലുള്ള ഡിസൈനുകളാണ് ചെയ്യുന്നത്. അതുപോലെതന്നെ അണിയുന്ന ആഭരണങ്ങളും കോമ്പിനേഷന്റെ ഭംഗി കൂട്ടുന്നു. പരമ്പരാഗതരീതിയിലുള്ള ആഭരണങ്ങളാണ് ഏറ്റവും അനുയോജ്യം.