പാസ്റ്ററല്‍ കൗണ്‍സില്‍: വിവാദ ഭൂമി ഇടപാട് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും

0
61

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് അടുത്ത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കൗണ്‍സില്‍ ഭാരവാഹികള്‍. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന വൈദികന്‍ ഫാ.പോള്‍ തേലക്കാട്ട് പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അടുത്ത യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ധാരണയായത്.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരുദ്ധ വിഭാഗമാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനിച്ച പാസ്റ്ററല്‍ കൗണ്‍സിലിന് പകരം പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നെങ്കിലും വിവാദം അവസാനിച്ചിട്ട് അവര്‍ ചുമതല ഏറ്റെടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു സഭാ നേതൃത്വം.

അതിരൂപതയിലെ 16 ഫൊറോനകളില്‍ നിന്നുള്ള വൈദികരും വിശ്വാസികളുമുള്‍പ്പടെ 190 പേരാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്. അതിനിടെ, ഭൂമിവിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്കുന്നതില്‍ പ്രതിഷേധിച്ച് ക്രിസ്ത്യന്‍ യുവജനസംഘടനാ അംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.