പുതുമുഖ സംഗീതസംവിധായകനെ പ്രശംസിച്ച് ശ്രേയ ഘോഷാല്‍

0
145

മലയാളിയായ പുതുമുഖ സംഗീതസംവിധായകനെ പ്രശംസിച്ച് പ്രമുഖ പിന്നണി ഗായിക ശ്രേയാ ഘോഷാല്‍. തീവണ്ടി എന്ന പുതിയ ചിത്രത്തിലെ സംഗീതസംവിധായകന്‍ കൈലാസ് മേനോനെയാണ് ശ്രേയ പ്രശംസിച്ചിരിക്കുന്നത്. തീവണ്ടിയിലെ മെലഡി ഗാനം പാടാനെത്തിയ ശ്രേയ പാട്ടിനു മുന്നോടിയായി ഇറക്കിയ ടീസറിലാണ് കൈലാസ് മേനോനെയും അദ്ദേഹത്തിന്റെ പാട്ടിനെയും കുറിച്ച് പറയുന്നത്. ‘വളരെ മികച്ച ഒരു മെലഡി ഗാനമാണ് ഞാന്‍ പാടിയിരിക്കുന്നത്. ഒരു പുതുമുഖമാണ് ഈ പാട്ടിനു സംഗീതം കൊടുത്തതെന്ന് അറിയുന്നതില്‍ വളരെ സന്തോഷം. കൈലാസ് നിങ്ങള്‍ വളരെ മികച്ച ഒരു വര്‍ക്കാണ് ചെയ്തിരിക്കുന്നത്. വളരെ മികച്ച ഒരു പാട്ടാണ് എനിക്കായി ഒരുക്കിയിരിക്കുന്നത്. ഈ പാട്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു.’ ശ്രേയ പറഞ്ഞു.

‘ഈ പാട്ട് ഭാഷാഭേദങ്ങള്‍ മറികടക്കുമെന്ന് എനിക്കുറപ്പാണ്. മലയാളം അറിയാത്തവര്‍ക്കും ഈ പാട്ട് ആസ്വാദ്യകരമാകും. ഞാന്‍ വല്ലാതെ ആസ്വദിച്ചാണ് ഈ പാട്ടു പാടിയത്. സത്യത്തില്‍ പാടുന്നതു നിര്‍ത്താന്‍ പോലും എനിക്കു തോന്നിയില്ല.’ ശ്രേയ കൂട്ടിച്ചേര്‍ത്തു.

‘ജീവാംശമായി താനേ നീയെന്നില്‍’ എന്ന ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. ടൊവിനോ നായകനാകുന്ന തീവണ്ടി സംവിധാനം ചെയ്യുന്നത് ഫെലിനി ടി.പി എന്ന പുതുമുഖമാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറും ചിത്രം എഡിറ്റ് ചെയ്യുന്നത് സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരിയുമാണ്.