ബാര്‍ മുതലാളിമാര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കുമ്മനം

0
59

സംസ്ഥാന സര്‍ക്കാറിന്റെ ബാര്‍ നയത്തിനെതിരെ ആഞ്ഞടിച്ച്‌ കുമ്മനം രാജശേഖരന്‍. കേരളത്തെ സര്‍ക്കാര്‍ മദ്യത്തില്‍ മുക്കിക്കൊല്ലുമെന്ന് കുമ്മനം പറഞ്ഞു. ബാര്‍ മുതലാളിമാര്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പതിനായിരത്തിന് മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിലും ബാറുകൾ അനുവദിക്കാനുള്ള സർക്കാർ നടപടി കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും.
കഴി‍ഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ബാർഹോട്ടൽ മുതലാളിമാരിൽ നിന്ന് കിട്ടിയ സഹായത്തിന് പ്രത്യുപകാരമാണ് ഇടതു മുന്നണിയുടെ ഈ തീരുമാനം. ബാർ അഴിമതിയുമായി ബന്ധപ്പെട്ട് കെഎം മാണിക്കെതിരെ ആരോപണം ഉന്നയിക്കാൻ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടെന്ന ബിജുരമേശിന്‍റെ വെളിപ്പെടുത്തൽ ഇതിനോട് കൂട്ടിവായിക്കണം. ബാറുകളല്ല, സ്കൂളുകളാണ് തുറക്കാൻ പോകുന്നതെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സർക്കാരാണ് പിണറായി വിജയന്‍റേത്. ഇത്തരത്തിൽ വ്യാജവാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിച്ചതിന് ഇടതുമുന്നണി മാപ്പു പറയണം. വരുംതലമുറയോടല്ല, ബാര്‍ മുതലാളിമാരോടാണ് ഇടത് മുന്നണിക്ക് ബാധ്യതയെന്ന് തെളിഞ്ഞു. കാര്യസാദ്ധ്യത്തിനായി ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങിയ സിപിഎം നേതാക്കൾ ഇപ്പോൾ അവരുമായി ഏറ്റുമുട്ടിലിന് ഇറങ്ങുന്നത് വഞ്ചനയാണ്. സുപ്രീംകോടതി വിധിയുടെ പേര് പറഞ്ഞ് നാടുമുഴുവൻ ബാറുകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് ഇടതു മുന്നണി പിൻമാറണം.