ബിജെപിക്കെതിരെ പടയൊരുക്കം; ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ്

0
60

ന്യൂഡല്‍ഹി: ബിജെപിക്കും ആര്‍.എസ്.എസിനുമെതിരെ കോണ്‍ഗ്രസിന്റെ പടയൊരുക്കം. ബിജെപിക്കെതിരെ സമാനചിന്താഗതിക്കാരെ ഒപ്പം നിര്‍ത്തി വിശാലസഖ്യം രൂപീകരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. 84-ാം പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ബിജെപിക്കെതിരെ എല്ലാ പാര്‍ട്ടികളുമായും സഹകരിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു. മുതിര്‍ന്ന നേതാവും ലോക്സഭയിലെ കക്ഷിനേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെയാണ് രാഷ്ട്രീയ പ്രമേയം പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ചത്.

കൂടാതെ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നുള്ള ആവശ്യം പ്രമേയത്തില്‍ ശ്രദ്ധേയമായി. ഇതാദ്യമായാണ് ഇത്തരമൊരു ആവശ്യവുമായി കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ചയാകും.

രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശ്രമങ്ങളാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കടുക്കാത്ത പ്രസ്ഥാനങ്ങളാണ് ആര്‍.എസ്എസും ബിജെപിയും. എന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കശ്മീരിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്നു. ഭീകരതയ്ക്കെതിരെയുള്ള നടപടികള്‍ രാജ്യത്തെ വിഭജിക്കാനായാണ് ഉപയോഗിക്കുന്നതെന്നും രാജ്യത്തെ ആഭ്യന്തര ക്രമസമാധാന നില തകര്‍ന്നുവെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം പറയുന്നു.