മദ്യനയത്തിലെ സര്‍ക്കാര്‍ തീരുമാനം മറ്റൊരു ഓഖി ദുരന്തമാകും,ചെങ്ങന്നൂരില്‍ തിരിച്ചടിക്കും; കത്തോലിക്ക സഭ

0
63

കോട്ടയം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കത്തോലിക്ക സഭ. സിബിസിഐ മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവയും കെസിബിസി മദ്യവിരുദ്ധ സമിതി അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മദ്യവര്‍ജനം പ്രഖ്യാപിച്ചിട്ടു സര്‍ക്കാര്‍ എല്ലായിടത്തും മദ്യം എത്തിക്കുകയാണെന്നും സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും മാര്‍ ക്ലീമീസ് കാതോലിക്കാബാവ തിരുവല്ലയില്‍ വ്യക്തമാക്കി.

മദ്യനയത്തിലെ സര്‍ക്കാര്‍ തീരുമാനം മറ്റൊരു ഓഖി ദുരന്തമാകുമെന്നു താമരശേരി ബിഷപ് കൂടിയായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ഇതു ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ത്രീ സ്റ്റാര്‍ ബാറുകളും ബീയര്‍ പാര്‍ലറുകളും തുറക്കാനുള്ള തീരുമാനം ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ്സ് പ്രകടമാക്കുമെന്നും മാര്‍ ഇഞ്ചനാനിയില്‍ തുറന്നടിച്ചു.

പ്രകടന പത്രികയോടെങ്കിലും ആത്മാര്‍ഥത വേണം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മദ്യനയം സംബന്ധിച്ചു ഹിതപരിശോധന നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനു ധാര്‍മികതയില്ല. മദ്യക്കച്ചവടം തിരിച്ചു കൊണ്ടുവന്നതു സിപിഐയുടെ സമ്മര്‍ദം കാരണമാണ്. ഏപ്രില്‍ രണ്ടിന് സഭ പ്രക്ഷോഭം നടത്തുമെന്നും ബിഷപ് വ്യക്തമാക്കി.