മോദിയുടെ അധികാര ഗര്‍വിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ല: സോണിയ ഗാന്ധി

0
60

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാര ഗര്‍വിന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെല്ലാം അവഗണിക്കുകയും ദുര്‍ബലമാക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും എഐസിസി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ സോണിയ ഗാന്ധി പറഞ്ഞു. ഏറ്റവും വെല്ലുവിളി നേരിടുന്ന സമയത്തു തന്നെ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയാറായ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു സോണിയ പ്രസംഗം ആരംഭിച്ചത്.

‘മോദി അധികാര ഗര്‍വിലും അഹങ്കാരത്തിലും മുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇതിനു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ല. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെല്ലാം ഒന്നുകില്‍ അവഗണിക്കുകയോ അല്ലെങ്കില്‍ ദുര്‍ബലമാക്കുകയോ ആണ് മോദി സര്‍ക്കാര്‍ ചെയ്തത്. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിനു കീഴില്‍ സാമ്പത്തിക പുരോഗതി അതിന്റെ ഔന്നത്യങ്ങളിലെത്തിയിരുന്നു. മോദിയുടെയും കൂട്ടരുടെയും കള്ളത്തരങ്ങള്‍ തുറന്നുകാട്ടും’- സോണിയ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തിതാല്‍പര്യങ്ങള്‍ മാറ്റിവച്ച് ഒറ്റക്കെട്ടാകണം. പാര്‍ട്ടിക്കു വേണ്ടി എന്തു ചെയ്‌തെന്ന് ഓരോരുത്തരും ചിന്തിക്കേണ്ട സമയമായി. പാര്‍ട്ടിക്കുള്ള ജനപിന്തുണ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ ബോധ്യപ്പെടുത്തണം. ഇന്ന് ഒരൊറ്റക്കാര്യം മാത്രമേ മനസ്സിലുണ്ടാകാന്‍ പാടുള്ളൂ, പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്ന്. പാര്‍ട്ടിയുടെ വിജയമെന്നതു രാജ്യത്തിന്റെ വിജയമാണ്. അതു നമ്മുടെ ഓരോരുത്തരുടെയും വിജയമാണ്. കോണ്‍ഗ്രസ് എന്നത് ഒരു രാഷ്ട്രീയനാമം മാത്രമല്ല, അതൊരു മുന്നേറ്റമാണെന്നു മറ്റുള്ളവര്‍ക്കു മനസ്സിലാക്കി കൊടുക്കണമെന്നും സോണിയ പറഞ്ഞു.