‘വനം വകുപ്പിന്റെ നിലപാടുകള്‍ക്ക് വഴങ്ങരുത്, ആവശ്യമുള്ളവയെ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യണം’

0
57

കട്ടപ്പന: വനം വകുപ്പിന്റെ നിലപാടുകള്‍ക്ക് വഴങ്ങിക്കൊടുക്കാതെ ആവശ്യമുള്ളവയെ എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. കാഞ്ചിയാര്‍ പഞ്ചായത്തിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പദ്ധതിരേഖ പ്രകാശനവും അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ദേശീയപാത നിര്‍മിക്കുന്നിടത്തുപോലും തടസ്സം സൃഷ്ടിച്ചു മനുഷ്യനു ജീവിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് വനം വകുപ്പ് സൃഷ്ടിക്കുന്നത്. രാജ്യം മുഴുവന്‍ വനമാക്കുകയെന്ന രീതിയിലാണ് വനം വകുപ്പിന്റെ നിലപാട്. ഉടുമ്പന്‍ചോല താലൂക്ക് മുഴുവന്‍ ഏലമലക്കാടുകള്‍ ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വനം വകുപ്പിന്റെ ശ്രമം വട്ടുകേസാണ്. സിഎച്ച്ആറിലെ ഭൂമി റവന്യുവിന്റേതും മരങ്ങള്‍ വനം വകുപ്പിന്റേതുമാണെന്ന് ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് ഉത്തരവിറക്കിയിട്ടുണ്ട്. മൃഗങ്ങളെ തട്ടിയിട്ട് നടക്കാന്‍ കഴിയാത്തതും ചന്ദനത്തടികള്‍ വെട്ടിക്കടത്തുന്നതും നോക്കാന്‍ വനം വകുപ്പുകാര്‍ക്ക് നേരമില്ല. ഇനി നാട്ടുകാരുടെ മെക്കിട്ട് കയറാനാണ് ശ്രമം. അതിന് ജനങ്ങള്‍ വഴങ്ങിക്കൊടുക്കരുത്. എം.എം. മണി പറഞ്ഞു.

ആവശ്യമില്ലാത്തതിനൊന്നും കൂട്ടുനില്‍ക്കുന്ന സര്‍ക്കാരല്ല ഇടതുപക്ഷത്തിന്റേത്. ഇതൊന്നും സര്‍ക്കാരിന്റെ നയമല്ല. എല്ലാം വനംവകുപ്പിന്റെ പണികളാണ്. പത്തുചെയിന്‍ പ്രദേശം നീക്കിയിട്ടതുകൊണ്ട് ഇടുക്കി പദ്ധതിക്ക് യാതൊരു ഗുണവുമില്ല. പത്തുചെയിന്‍ മേഖലയിലും പട്ടയം കൊടുക്കുകയെന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. ആവശ്യമുള്ള ഭൂമി നേരത്തെ ഏറ്റെടുത്തിട്ടുണ്ടെന്നും എം.എം. മണി പറഞ്ഞു.