ശോഭനാ ജോര്‍ജ് സിപിഎമ്മിലേയ്ക്ക്‌ നീങ്ങുന്നതായി സൂചനകള്‍; പ്രഖ്യാപനം രണ്ട്‌ ദിവസത്തിനുള്ളില്‍ ഉണ്ടായേക്കും

0
454

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: മൂന്നു തവണ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള മുന്‍ കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജ് സിപിഎമ്മിലേക്ക് നീങ്ങുന്നതായി സൂചനകള്‍. രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനം ശോഭനാ ജോര്‍ജ് നടത്തിയേക്കും.

ശോഭനാ ജോര്‍ജ് സിപിഎമ്മിലേക്ക് നീങ്ങാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ശോഭനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ 24 കേരളയോടു പറഞ്ഞു. ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് നാടകീയമായ നീക്കങ്ങള്‍ക്ക് ശോഭനാ ജോര്‍ജ് തുടക്കം കുറിക്കുന്നത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ തീരുമാനിച്ച ശേഷം അദ്ദേഹവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സിപിഎം നേതാക്കള്‍ ശോഭനാ ജോര്‍ജിനെ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ഇടതുമുന്നണിക്കനുകൂലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെങ്ങന്നൂരില്‍ തുടക്കം കുറിക്കാന്‍ ശോഭനയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഈ സന്ദര്‍ശത്തിന് ശേഷമാണ് ശോഭനാ ജോര്‍ജിനെ പാര്‍ട്ടിയിലേയ്ക്ക്‌
സ്വാഗതം ചെയ്യുന്നതായി സിപിഎം അറിയിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട
അന്തിമ തീരുമാനം ശോഭനാ ജോര്‍ജ് കൈക്കൊണ്ടിട്ടില്ല എന്നാണ് സൂചന. ഈ വിഷയത്തില്‍ 24 കേരളയോട് പ്രതികരിക്കാന്‍ ശോഭനാ ജോര്‍ജ് തയ്യാറായില്ല. എന്നാല്‍ തീരുമാനം രണ്ട് ദിവസത്തിനകം ശോഭന തീരുമാനം പ്രഖ്യാപിക്കുമെന്ന് അവരോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ചെങ്ങന്നൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഡ്വ. കെ.കെ.രാമചന്ദ്രന്‍ നായര്‍ വിജയിക്കാനിടയായത് ശോഭനാ ജോര്‍ജിന്‍റെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിത്വം കാരണമാണെന്ന്‌
കെ.കെ.രാമചന്ദ്രന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ സജി ചെറിയാന്‍ പറഞ്ഞിരുന്നു.

മൂന്ന് തവണ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാല്‍ വളരെ ശക്തമായ ബന്ധങ്ങള്‍ ശോഭനാ ജോര്‍ജിന് ചെങ്ങന്നൂരിലുണ്ട്. ഈ ബന്ധങ്ങള്‍ പൂര്‍ണമായും മുതലെടുത്ത്‌ ചെങ്ങന്നൂരില്‍ വിജയക്കൊടി പാറിക്കാനുള്ള സിപിഎം നീക്കത്തിന്റെ തുടര്‍ച്ചയാണ് ശോഭനാ ജോര്‍ജിന് പാര്‍ട്ടിയിലേയ്ക്കുള്ള ക്ഷണമെന്ന് കരുതപ്പെടുന്നു.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കൈവശം വെച്ചിരുന്ന ചെങ്ങന്നൂര്‍ മണ്ഡലം കെ.കെ.രാമചന്ദ്രന്‍ നായരിലൂടെയാണ്‌ സിപിഎം കഴിഞ്ഞ തവണ വീണ്ടെടുത്തത്. അങ്ങിനെ മണ്ഡലം വീണ്ടെടുക്കാന്‍ സിപിഎമ്മിന് തുണയായത്‌ കോണ്‍ഗ്രസിന്റെ റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ശോഭനയുടെ സാന്നിധ്യമായിരുന്നു. ഇക്കുറിയും സിപിഎമ്മിന് സാധ്യതകള്‍ ഏറെയുണ്ട്.

വളരെ ശക്തനായ സ്ഥാനാര്‍ഥിയായിരുന്ന, 2006 ലും 2011 ലുമായി രണ്ടു തവണ ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച പി.സി.വിഷ്ണുനാഥ് ഇക്കുറിയില്ല. പകരം ചെങ്ങന്നൂര്‍കാരനായ വിജയകുമാറിനെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ളയാണെങ്കിലും കഴിഞ്ഞ തവണ നിര്‍ണായകമായ ബിഡിജെഎസിന്റെ പിന്തുണ ഇത്തവണ ലഭിക്കുമോയെന്ന് ഉറപ്പില്ലാത്തത് അവരെ കുഴക്കുന്നുണ്ട്.

ഏഴായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ രാമചന്ദ്രന്‍ നായര്‍ വിജയിച്ചത്. ഈ സാഹചര്യത്തില്‍ ശോഭനാ ജോര്‍ജിനെ പാര്‍ട്ടിയിലേയ്ക്ക്‌ സ്വാഗതം ചെയ്ത് ശോഭനാ പക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് സിപിഎം നടത്തുന്നത്. ചെങ്ങന്നൂരിനെ മൂന്നു തവണ പ്രതിനിധീകരിച്ച ഒരു കോണ്‍ഗ്രസ് എംഎല്‍എ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മില്‍ എത്തുന്നത് കോണ്‍ഗ്രസിന് രാഷ്ട്രീയ പ്രഹരം കൂടിയാകും. ഇതും സിപിഎമ്മിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.